തൃശൂർ: തൃശൂരിലെ നിർദ്ധനരായ നാല് കുടുംബങ്ങൾക്ക് കൃഷി വകുപ്പ് നിർമ്മിച്ചു നൽകുന്ന വൈഗ വീടുകളുടെ താക്കോൽദാനം കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു. ചെറുകുന്നുള്ള പുഴയ്ക്കൽ സന്തോഷിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി താക്കോൽദാനം നിർവഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. 2020 ജനുവരി 4 മുതൽ 7 വരെ തൃശൂരിൽ നടന്ന അന്തർ ദേശീയ കാർഷിക പ്രദർശനമായ വൈഗ 2020 ൽ ഏർപ്പെടുത്തിയ പ്രവേശന ടിക്കറ്റ് മുഖേന സമാഹരിച്ച 22,80,000 രൂപ വിനിയോഗിച്ചാണ് തൃശൂർ സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, പി.വി.സന്തോഷ്, ആകാശ്, കെ.ആർ.മല്ലിക എന്നിവരുടെ ഭവനമെന്ന സ്വപ്നമാണ് യാഥാർത്ഥ്യമാക്കിയത്. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് 5.7 ലക്ഷം വീതം മുതൽമുടക്കിൽ നാല് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. മന്ത്രി കെ.രാജന്റ സമയോചിതമായതും നിരന്തരമായ ഇടപെടലുമാണ് ഇത് ഇത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കൃഷിമന്ത്രി പറഞ്ഞു. ജില്ലാ കൃഷി ഓഫീസർ എം.പി.അനൂപ് പദ്ധതി വിശദീകരിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും, പുത്തൂർ കൃഷി ഓഫീസർ സി.ആർ.ദിവ്യ നന്ദിയും പറഞ്ഞു.