ചാലക്കുടി: നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും. വീട്ടുകാർ നൽകേണ്ട യൂസർ ഫീ 50 രൂപയായും ഉയർത്തി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചയിൽ 2 തവണ ഹരിതകർമ്മസേനയെത്തി മാലിന്യം ശേഖരിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ യൂസർഫീ മാസം 100 രൂപയാണ്. നഗരസഭയിൽ നിലവിൽ 50 ഹരിത കർമ്മ സേന അംഗങ്ങളുണ്ട്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതും, ഇതിൽ വേർതിരിക്കാവുന്നവ വേർതിരിച്ച് വിൽക്കുകയും അല്ലാത്തവ നഗരസഭ പൈസ കൊടുത്ത് കയറ്റി അയക്കുന്നതും ഇവരുടെ സേവനമാണ്. നിലവിൽ പ്ലാസ്റ്റികിന് പുറമേ തുണി, കുപ്പിചില്ല്, ചെരുപ്പ്, തെർമോക്കോൾ മരുന്ന് സ്ട്രിപ്പ്, ഇ വേസ്റ്റ്, ഹസാർഡസ് വേസ്റ്റ് എന്നീ മാലിന്യങ്ങൾ ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.