elephant

അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞദിവസം നാശമുണ്ടാക്കിയ ചിക്ലായി പരിസരത്തായിരുന്നു ശനിയാഴ്ച പുലർച്ചെ കാട്ടാനകൾ വീണ്ടുമെത്തിയത്. ഇടശ്ശേരി സന്തോഷിന്റെ വീട്ടുപറമ്പിലെ തെങ്ങുകളും വാഴകളും മറിച്ചിട്ടു. മറ്റ് കാർഷിക വിളകളും ചവിട്ടി നശിപ്പിച്ചു. നാട്ടുകാർ സംഘടിച്ച് ബഹളം ഉണ്ടാക്കിയപ്പോഴാണ് ആനകൾ തിരിച്ചു പോയത്. തൊട്ടടുത്ത ഞർളക്കാട്ട് ജോസഫിന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ ആനകൾ താണ്ഡവമാടിയത്. ഇവിടെ ഇന്നലെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട് ഇളക്കി മാറ്റിയിട്ടുണ്ട്. അഞ്ചാനകളാണ് പരിസരത്ത് ചുറ്റി തിരിയുന്നത്.