ചില സത്യങ്ങളുടെ ശരീരം കൊടിയ വൈകൃതം നിറഞ്ഞതാണെങ്കിലും ആടയാഭരണങ്ങൾ അണിയിച്ച് അതിനെ മറച്ചുവയ്ക്കുന്നത് പൊതുവെയുള്ള ശീലമാണല്ലോ. ഇത്തരം എത്രയോ വൈകൃത സത്യങ്ങളിലൂടെയാണ് കാലവും ചരിത്രവും കടന്നുപോയിട്ടുള്ളത്. ഏതൊരു സംഭവത്തിന്റെയും യാഥാർത്ഥ്യമോ ഗൗരവമോ വേണ്ടവിധം ഗ്രഹിക്കാതെയാണ് പലപ്പോഴും സമൂഹം അതിനു പിന്നാലെ ഊഹാപോഹങ്ങളുടെ ഭാണ്ഡവുമായി പരക്കംപായാറുള്ളത്. സങ്കൽപ്പിച്ച് ചമയ്ക്കുന്ന പുറന്തോടുകൾ പൊട്ടിച്ച് സത്യം പുറത്തുവരുമ്പോഴേക്കും കാലമേറെ മുന്നോട്ടു പോയിട്ടുമുണ്ടാവും.
കൊച്ചുകൊച്ചു കാര്യങ്ങൾക്ക് അപ്രതീക്ഷിതമായി സമൂഹത്തിൽ കിട്ടുന്ന അമിത പ്രാധാന്യവും അതിനെ പർവതീകരിച്ച് വേണ്ടതും വേണ്ടാത്തതുമായ ചർച്ചകളിലേക്കും വ്യാഖ്യാനങ്ങളിലേക്കും കൊണ്ടുപോകുന്നതും നിത്യേനയുള്ള കാഴ്ചയാണ്. അർത്ഥശൂന്യവും പരിഹാസ്യവുമായ ഈ വൃഥായത്നത്തിന്റെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടുകയാണ് 'ആടുകഥ" എന്ന നോവലിലൂടെ രചയിതാവ് എം.ബി. സന്തോഷ്. പൂർണ- ഉറൂബ് അവാർഡ് പരിഗണനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതി എന്നതു തന്നെ രചനാ വൈശിഷ്ട്യത്തിന് അടിവരയിടുന്നു. പ്രതിദിനം ഉണ്ടാവുന്ന സംഭവങ്ങളെ സമൂഹവും വലിയ തിരുത്തൽ ശക്തിയാവേണ്ട വാർത്താ മാദ്ധ്യമങ്ങളും എങ്ങനെ സമീപിക്കുന്നുവെന്നും ഓരോന്നിനെയും ഏതേതു തലത്തിലേക്ക് എത്തിക്കുന്നുവെന്നുമുള്ള നർമ്മം പുരട്ടിയ വിശകലനം കൂടിയാണ് ഈ രചന.
വാർത്തകൾക്കു പിന്നാലെയും വാർത്തകൾ സ്വയം സൃഷ്ടിക്കാനും മാദ്ധ്യമലോകം നടത്തുന്ന പരക്കംപാച്ചിലിന്റെ നേർച്ചിത്രവും ഈ കൃതിയിൽ ആലേഖനം ചെയ്യുന്നു. ആദ്യവസാനം വായനക്കാരിൽ കൗതുകം നിലനിറുത്തുന്നതിനൊപ്പം തട്ടും തടവുമില്ലാതെ വായനയെ മുന്നോട്ടു കൊണ്ടുപോകാൻ പാകത്തിലാണ് രചയിതാവ് കൈവഴക്കം കാട്ടിയിട്ടുള്ളത്. നൂറാം വയസിലേക്ക് പ്രവേശിക്കുന്ന കേരള മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന്റെയും ആയുസിന്റെയും രഹസ്യം ദക്ഷിണ എന്ന മാദ്ധ്യമപ്രവർത്തക പുറത്തുവിടുന്നതോടെ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് കഥയുടെ കാതൽ. കഥാ പുരോഗമിക്കുന്തോറും നർമ്മത്തിനൊപ്പം തെല്ലൊരു ജിജ്ഞാസയും വായനക്കാരന്റെ മനസിലേക്കെത്തും. നോവലിന്റെ ഹൈലൈറ്റും അതു തന്നെ.
ജനതല്പരനായ ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാവണമെന്നും ഭരണാധികാരിക്കു വേണ്ട ഗുണഗണങ്ങൾ എന്തായിരിക്കണമെന്നുമൊക്കെയുള്ള കൃത്യമായ നിരീക്ഷണവും മുഖ്യമന്ത്രി ജി. ശങ്കരപ്പിള്ള എന്ന കഥാപാത്രത്തിലൂടെ അനുവാചകരിലേക്ക് എത്തിക്കുന്നു. ഏറെ വൈകാരിക മുഹൂർത്തങ്ങളും നിർഭയ മാദ്ധ്യമ പ്രവർത്തനത്തിന്റെ വസന്തകാലവും പ്രണയത്തിന്റെ മധുരവും നൊമ്പരവുമെല്ലാം മുഖ്യകഥാതന്തുവുമായി ചേരുംപടി ചേർക്കുന്നുമുണ്ട്. മഹാകവി കുമാരനാശാൻ മുതൽ മലാല യൂസഫ് സായ് വരെയുള്ള പ്രതിഭകളുടെ ഉദ്ധരണികളിലൂടെയാണ് ഓരോ അദ്ധ്യായവും വായനക്കാരനിലേക്ക് എത്തുക. ഇരുപത്തിനാല് അദ്ധ്യായങ്ങളിലൂടെ പൂർണമാകുന്ന 'ആടുകഥ" വായനക്കാരന് തീർത്തും വ്യത്യസ്തത സമ്മാനിക്കും.
പ്രസാധകർ:
പൂർണ പബ്ളിക്കേഷൻസ്