1

നേമം: തിരുവനന്തപുരം- നാഗർകോവിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം ടെർമിനലിന്റെ നിർമ്മാണം ദ്രുതഗതിയിൽ മുന്നേറുന്നു. ടെർമിനൽ പൂർത്തിയാകുന്നതോടെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും. 78 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നേമത്ത് നടക്കുന്നത്. നിലവിലെ സ്റ്റേഷൻ മന്ദിരം പൊളിച്ച് പുതിയത് പണിയും. രണ്ട് പുതിയ പ്ളാറ്റ്ഫോം കൂടി വരുന്നതോടെ ആകെ നാല് പ്ളാറ്റ്‌ഫോമുകളാകും. പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് അണ്ടർഗ്രൗണ്ട് പാതയുണ്ടാകും.

സ്റ്റേഷന് എതിർവശത്തായി 650 മീറ്റർ നീളത്തിലാണ് കോച്ചുകൾ കൊണ്ടിട്ട് പണിയുന്നതിനും ഷണ്ടിംഗിനുമുള്ള പിറ്റ്‌ലൈൻ നിർമ്മിക്കുന്നത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഷണ്ടിംഗ് ജോലികൾ ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് കൂടി കരമന- കളിയിക്കാവിള ദേശീയപാതയിൽ നിന്ന് കാട്ടാക്കടയിലേക്ക് പോകുന്ന റോഡിലെ പാലം പൊളിച്ച്, മൂന്നിരട്ടി നീളത്തിൽ പുതിയപാലം നിർമ്മിക്കും. പാലത്തിന്റെ പൈലിംഗ് പൂർത്തിയായി. പാലത്തിനോടു ചേർന്നുള്ള കനാൽ പാലവും പൊളിക്കും. ദേശീയപാതയിൽ നേമം സ്‌കൂളിന് തൊട്ടടുത്തുകൂടി ടെർമിനലിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കും.

കമ്മിഷനിംഗ് 2026ൽ
രണ്ടുവർഷത്തിനുള്ളിൽ നേമം ടെർമിനൽ കമ്മിഷൻ ചെയ്യുനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പാത ഇരട്ടിപ്പിക്കൽ പണികൾ പിന്നെയും വൈകിയേക്കും. നാഗർകോവിൽ വരെ ലൈൻ കടന്നുപോകുന്നിടത്ത് മൂന്ന് തുരങ്കങ്ങളും നിരവധി പാലങ്ങളും പൊളിച്ചുപണിയണം. 16 ലൈനുകളാണ് നേമത്ത് നിർമ്മിക്കാൻ റെയിൽവേ ഉന്നമിടുന്നത്. വിഴിഞ്ഞം തുറമുഖം സജീവമാകുന്നതോടെ നേമം ഭാവിയിൽ തിരക്കേറിയ റെയിൽവേ സ്റ്റേഷനാകും.