d

തിരുവനന്തപുരം: ജില്ലയിലെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസുകളിലൊന്നായിരുന്ന കരമനയാർ ഇന്ന് മാലിന്യവാഹിനിയാണ്. കാട്ടിൽ നിന്ന് ഉത്ഭവിക്കുന്ന കരമനയാർ അവിടെ സ്‌ഫടികം പോലെ തെളിഞ്ഞൊഴുകുമെങ്കിലും നഗരത്തിന്റെ മാറിലൂടെ അറബിക്കടലിലെത്തുമ്പോൾ കുപ്പത്തൊട്ടിക്ക് സമാനമാണ്. കാലങ്ങളായുള്ള മലിനീകരണത്തെ തുടർന്ന് മത്സ്യങ്ങളടക്കമുള്ള ജലജീവികളെയും സസ്യങ്ങളും കരമനയാറ്റിൽ പേരിനുപോലുമില്ല. കൃത്യമായ മാലിന്യ സംസ്‌കരണ നയമില്ലാത്തതിന്റെ പാപം പേറുന്നതും കരമനയാറാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മലിനീകരിക്കപ്പെട്ട നദികളിൽ രണ്ടാം സ്ഥാനമാണ് കരമനയാറിന്. മനുഷ്യവിസർജ്ജ്യവും അറവ് മാലിന്യങ്ങളുമെല്ലാം വലിച്ചെറിഞ്ഞ് മലിനപ്പെടുന്ന നദിയോട് ഒരിറ്റുകനിവ് അധികാരികൾക്കുമില്ല.

കരമനയാറിലെ മലിനീകരണത്തോത് കണക്കാക്കുന്ന ബയോകെമിക്കൽ ഓക്സ‌ിജൻ ഡിമാൻഡ് (ബി.ഒ.ഡി) നിരക്ക് ലിറ്ററിൽ 7.3 മില്ലിഗ്രാം വരെയാണെന്നാണ് റിപ്പോർട്ടിലുള്ളത്. അനുവദനീയമായ അളവ് 3 മില്ലി ഗ്രാമാണ്. വിസർജ്യത്തിന്റെ തോതായ ഫീക്കൽ കോളിഫോം കൗണ്ടാകട്ടെ 100 മില്ലി ലിറ്ററിൽ 24,000. അനുവദനീയമായത് 2500 ഉം. മൂന്നാറ്റുമുക്ക്, തിരുവല്ലം,അരുവിക്കര എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് നദിയുടെ ദുരവസ്ഥ ബോദ്ധ്യമായത്. ജലത്തിന്റെ പി.എച്ച് മൂല്യം കുറവാണെന്നും വിവിധ ഏജൻസികളുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. അമ്ലത്തിന്റെ അളവ് കൂടുതലായതിനാൽ പുളിപ്പും വിഷാംശവുമാണ്. ഓക്‌സിജന്റെ അളവും കുറവാണ്.

 സഹ്യന്റെ പ്രിയപുത്രി
സഹ്യസാനുവിലെ അഗസ്ത്യവനത്തിനും തമിഴ്നാട് കളർകാട് വന്യജീവി സങ്കേതത്തിനുമിടയിൽ പച്ചപട്ടുവിരിച്ച് ചരിഞ്ഞുയർന്നു നിൽക്കുന്ന ചെമ്മുഞ്ചി മൊട്ട. ഇവിടെ ഉറവപൊട്ടുന്ന രണ്ട് ചെറുനീർച്ചാലുകൾ. ഒന്ന് കളർകാട് വന്യജീവി സങ്കേതത്തിന്റെ ചരിവുകൾ താണ്ടി തമിഴ്നാട്ടിലെത്തിയ താമ്രപർണി. മറ്റൊന്ന് സൂര്യകാന്തി മലയടിവാരങ്ങളിലൂടെ ബോണക്കാട് വഴുക്കപ്പാറ ചുറ്റി 'വാഴ്‌വാൻതോൽ' വെള്ളച്ചാട്ടമൊരുക്കി മലയാളമണ്ണിലേക്കിറങ്ങിയ തോടയാർ. അഗസ്ത്യമുടിയിലെ അതിരുമല ചുറ്റിയൊഴുകുന്ന അട്ടയാർ, ബോണക്കാട് മൊട്ടയിൽ ഉറവപൊട്ടുന്ന കാവിയാർ. ചോലവനങ്ങളിലെ ചെറുനീർവാഹിനികൾ ഒരുമിക്കുന്ന വെയ്യപ്പെട്ടിയാർ എന്നിവ വേറെ. ഇവയെല്ലാം പേപ്പാറയിൽ സംഗമിച്ചൊഴുകുന്നതാണ് കരമനയാർ. പിന്നെ നാടും നഗരവും ചുറ്റി 68 കിലോമീറ്റർ പടിഞ്ഞാറേക്കൊഴുകുന്നു. വിതുര,ആര്യനാട്,വെള്ളനാട്,ഉഴമലയ്ക്കൽ,അരുവിക്കര പഞ്ചായത്തുകൾ പിന്നിട്ട് വട്ടിയൂർക്കാവിലൂടെയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അരുവിക്കരയിൽ അണ കെട്ടിയാണ് നഗരത്തിനാവശ്യമായ കുടിവെള്ളം നൽകുന്നത്. നടകരയ്ക്കടുത്തുവച്ച് കിള്ളിയാറിനെയും പാർവതി പുത്തനാറിനെയും സ്വന്തമാക്കി 702 ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമൊരുക്കി തിരുവല്ലത്തിനടുത്ത് പനത്തുറയിൽ വച്ച് അറബിക്കടലിൽ സംഗമിക്കുന്നു.