തിരുവനന്തപുരം: നഗരത്തിന്റെ ദാഹമകറ്റാൻ നൽകുന്ന കുടിവെള്ളം എത്ര ശുദ്ധമാണെന്നറിയണമെങ്കിൽ അരുവിക്കര ഡാം മുതൽ കരമനയാറിന്റെ തുടക്കം വരെ സഞ്ചരിച്ചാൽമതി. ബോണക്കാട് കുന്നിൻ ചെരുവിലൂടെ പേപ്പാറ ഡാമിലെത്തുന്ന വെള്ളം പിന്നീടൊഴുകുന്നത് ജനവാസ മേഖലയിലൂടെയാണ്. പല കൈവഴികൾ ചേർന്നാണ് കരമനയാർ ഡാമിലെത്തുന്നത്. അണിയിലക്കടവിൽ വച്ച് കോട്ടൂരിൽ നിന്നുള്ള കുമ്പിൾതോട് കരമനയാറിന്റെ ഭാഗമാകും. വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ വഹിച്ചാണ് കുമ്പിൾ തോട് കരമനയാറ്റിലെത്തുന്നത്.
ആര്യനാട്ടെത്തുമ്പോൾ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള മാലിന്യമടക്കം കലരും. ബസ് സ്റ്റാൻഡ്, മാർക്കറ്റ്, വാഹന സർവീസ് സ്റ്റേഷനുകൾ എന്നിവയിലെ വെള്ളവും കലരും. പിന്നീട് ഓരോ പഞ്ചായത്ത് പ്രദേശത്ത് എത്തുമ്പോഴും ഒന്നിലധികം മലിനമായ കൈത്തോടുകൾ നദിയിൽ ചേരും. സ്ഥാപനങ്ങളിലെ രാസമാലിന്യങ്ങളും വീടുകളിലെ സെപ്ടിക് മാലിന്യങ്ങളും കരമനയാറ്റിലേക്കാണ് ഒഴുക്കുന്നത്. വെള്ളനാട് പഞ്ചായത്തിലെ കൂവക്കുടിയിലാണ് കോഴിമാലിന്യങ്ങളും കാറ്ററിംഗ് സ്ഥാപനങ്ങൾ ഭക്ഷണാവശിഷ്ടടങ്ങളും നിക്ഷേപിക്കുന്നത്. ഇവയെല്ലാം കലർന്ന വെള്ളമാണ് അരുവിക്കരയിൽ സംഭരിക്കുന്നത്.
റിസർവോയറിൽ ദിവസവും ജലവിഭവ ഉദ്യോഗസ്ഥർ സെർച്ച് ബോട്ടിൽ പരിശോധന നടത്തണമെന്നുണ്ട്. രാജവാഴ്ചക്കാലത്ത് വള്ളത്തിലെത്തിയാണ് ജീവനക്കാർ മാലിന്യങ്ങൾ നീക്കിയിരുന്നത്. എന്നാലിപ്പോൾ അതൊന്നും നടക്കുന്നില്ല. ഒഴുകിയെത്തുന്ന ചത്ത നായ്ക്കളേയും എലികളേയും എടുത്തുമാറ്റാൻ പോലും ആളില്ല. ഈ വെള്ളമാണ് 'ശുദ്ധീകരിച്ച്' തലസ്ഥാനത്തിന്റെ ദാഹമകറ്റാൻ നൽകുന്നത്. പ്രതിദിനം 232 എം.എൽ.ഡി ജലമാണ് നഗരത്തിലെത്തിക്കുന്നത്.
12 ലക്ഷം പേരുടെ ദാഹശമിനി (ബോക്സ്)
വൈസ്രോയിയായിരുന്ന വെല്ലിംഗ്ടൺ പ്രഭുവിന്റെ പേര് നൽകിയ വെല്ലിംഗ്ടൺ വാട്ടർ വർക്സ് 1931ലാണ് ആരംഭിച്ചത്. എൻജിനിയർ ബാലകൃഷ്ണറാവു ആണ് രൂപകല്‍പന. പദ്ധതിയുടെ ഭാഗമായ അരുവിക്കര ഡാം 1934ലാണ് പൂർത്തിയായത്. 60,000 പേരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. 1961 ആയപ്പോഴേക്കും 1.35 ലക്ഷം പേർക്ക് ഉപയോഗപ്രദമാക്കി. ജലത്തിന്റെ ആവശ്യകത വർദ്ധിച്ചപ്പോൾ 1983 ൽ പേപ്പാറയിൽ മറ്റൊരു അണക്കെട്ട് നിർമ്മിച്ചു. ഇവിടെ വെള്ളം സംഭരിച്ച് ആവശ്യാനുസരണം അരുവിക്കര സംഭരണിയിലേക്ക് തുറക്കും. ഇങ്ങനെയാണ് നഗരത്തിനകത്തും സമീപപ്രദേശത്തുമായി 12 ലക്ഷം പേരുടെ ദാഹശമിനിയായി കരമനയാർ മാറുന്നത്. പമ്പ് ഹൗസുകളിലൂടെ വിവിധ പഞ്ചായത്തുകളിലും വെള്ളം നൽകുന്നുണ്ട്.