തിരുവനന്തപുരം: ആറ്റിറമ്പിലെ കൈതച്ചെടികൾ മലയാളികളുടെ ഗൃഹാതുരത്വമാണ്. കൈത പൂക്കുമ്പോൾ പ്രദേശമാകെ സുഗന്ധം പരക്കും. കൈതച്ചെടികൾ കരമന നദിക്കരികിൽ സാധാരണമായിരുന്നെങ്കിലും ഇന്ന് അപൂർവമായി മാറി. തേൻകരിമ്പ്, കദളി,ആറ്റുതകര എന്നിങ്ങനെ നിരവധി ചെടികളാണ് ജലമലിനീകരണത്തിന് ഇരയായി കാണാതായത്. ജലോപരിതലത്തിലൂടെ ചിത്രം വരച്ച് നീങ്ങുന്ന വെള്ളത്തിലാശാനും മുങ്ങാങ്കുഴിയിടുന്ന ആറ്റുകൊഞ്ചുമടക്കം നിരവധി ജലജീവികളും അപ്രത്യക്ഷമായി. കുളക്കോഴിയും നീർനായയും നീർകാക്കയുമെല്ലാം അന്യമായി. രാസ,ജൈവ മാലിന്യങ്ങൾ കലർന്നതോടെ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ജലജീവികളുടെ ആവാസവ്യവസ്ഥ തകർന്നു. മീനുകൾ ചത്തുപൊങ്ങി. കരമനയാറിൽ ഇത്തരം മാലിന്യങ്ങൾ കൂടുതലുണ്ടാകുന്നത് നഗരാതിർത്തിയിലെത്തുമ്പോഴാണ്. ആരോഗ്യപച്ചയും അടമ്പുവള്ളിയുമുൾപ്പെടെയുള്ള ഔഷധ സസ്യങ്ങൾ നിറഞ്ഞ അഗസ്ത്യമലയിൽ നിന്ന് ഒഴുകിയിറങ്ങുന്ന നദിയാണ് ഇങ്ങനെ മലിനമായിരിക്കുന്നത്.
മരകാകരയാറിൽ നിന്ന് കരമനയാറിലേക്ക്
കരമനയാറെന്ന പേര് ലഭിക്കുന്നതിനു മുമ്പേ ഈ നദി ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ക്രിസ്തുവർഷം 779 ൽ ജൈന സന്യാസിയായ ഉദ്യോദനസൂരി എഴുതിയ 'കുവലയമാല 'കഥയിൽ നദിയെ പരാമർശിച്ചിട്ടുണ്ട്. 'മരകാകരയാറ്' എന്നായിരുന്നു പേര്.അക്കാലത്ത് അഗസ്ത്യപർവതത്തിലും നദിക്കരയിലും ജൈനസന്യാസിമാർ തപസിരുന്നതായും സൂചനകളുണ്ട്. 15 -ാം നൂറ്റാണ്ടിലെഴുതിയ തെക്കൻ പാട്ടുകാവ്യമായ മൂവോട്ടുമല്ലൻ കഥയിൽ 'ഊഞ്ഞാലിട്ടാറ്'എന്നാണ് പേര്. ഗിരിവർഗക്കാരായ കാണിക്കാർ വിളിച്ചിരുന്നതാകട്ടെ 'മയിലാറ്' എന്നാണ്. 18-ാം നൂറ്റാണ്ടിൽ ഭൂസർവേ ഉദ്യോഗസ്ഥരാണ് കരമനയാർ എന്ന പേര് നൽകിയത്. നദിയുടെ സമീപത്ത് ഗോത്രരാജ്യങ്ങൾ നിലനിന്നിരുന്നതായും ചരിത്രമുണ്ട്. നദിയുടെ വടക്കുഭാഗത്തിന് വെള്ളൂർനാട് എന്നും തെക്കുഭാഗത്തിന് ഇളവെള്ളൂർനാട് എന്നുമായിരുന്നു പേര്. മദ്ധ്യകാലത്ത് നദിക്കരയിൽ ആര്യനാട് കേന്ദ്രമാക്കി ഒരു നാട്ടുരാജ്യം നിലനിന്നിരുന്നു. സ്ഥലനാമങ്ങളിലൂടെ രാജവംശത്തിന്റെ സൂചന ഇപ്പോഴുമുണ്ട്. 'കോട്ടയ്‌ക്കകം' എന്ന സ്ഥലത്തെ കോയിക്കൽ വിളാകത്ത് പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ അടുത്തകാലം വരെ ഉണ്ടായിരുന്നു. സൈനികർക്ക് പരിശീലനം നൽകിയിരുന്ന 'വലിയകളം', കുറ്റവാളികളെ വധിച്ചിരുന്ന 'കൊല്ലാൻവിള', ശിക്ഷിച്ചിരുന്ന 'മുക്കാലി' തുടങ്ങിയ സ്ഥലങ്ങൾ ഇന്നും അതേപേരിൽ അറിയപ്പെടുന്നു. കിടങ്ങുമുക്ക്, കാവൽപ്പുരമുക്ക്, കോട്ടവരമ്പ് എന്നിങ്ങനെ വേറെയും സ്ഥലങ്ങൾ നദിക്കരയിലുണ്ട്.