d

തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യ പ്ലാന്റിനെതിരായ സമരം ഒരർത്ഥത്തിൽ കരമനയാറിനും കൂടിയുള്ളതായിരുന്നു. ഫാക്ടറിയിലെ മാലിന്യങ്ങളിൽ നിന്ന് ഒലിച്ചിറങ്ങിയ മലിനജലം സമീപത്തെ മീനമ്പള്ളി തോട്ടിലൂടെ എത്തിയിരുന്നത് കരമനയാറ്റിലേക്കാണ്. പ്ലാന്റ് അടച്ചുപൂട്ടിയതോടെ കരമനയാറിലേക്കുള്ള മാലിന്യമൊഴുക്ക് ഭീഷണിയും കൂടിയാണ് അവസാനിച്ചത്. കരമനയാർ മലിനപ്പെടുന്നത് തോടുകളിലെ മാലിന്യംകൂടി വഹിച്ചാണെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണിത്. മാലിന്യം നിറഞ്ഞ കിള്ളിയാറും പാർവതി പുത്തനാറും മാത്രമല്ല തുടക്കം മുതൽ ഒടുക്കം വരെ ചെറുതും വലുതുമായ ഇരുപതോളം കൈത്തോടുകളും കരമനയാറിൽ ചേരുന്നുണ്ട്. നദീതീരത്തെ ക്ഷേത്രങ്ങൾ, കടവുകൾ എന്നിവിടങ്ങളിൽ ബലിതർപ്പണത്തിനു ശേഷം ഉപേക്ഷിക്കുന്ന ഇലയും ചോറും ജൈവ മലിനീകരണത്തിനും കാരണമാകുന്നു. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്തുനിന്ന് നദിയിലേക്കെത്തുന്ന മലിനജലത്തിലൂടെ ഭീമമായ തോതിൽ ലോഹാവശിഷ്ടങ്ങളും രാസമാലിന്യങ്ങളും കലരുന്നുണ്ട്. ഇത് വെള്ളത്തിലെ ഓക്‌സിജൻ കുറയാനിടയാക്കുന്നുണ്ട്. ജൈവമാലിന്യങ്ങളും ഹോട്ടലിലെ ഇറച്ചിമാലിന്യങ്ങളും അഴുകിച്ചേർന്ന് നദിയിലുണ്ടാകുന്ന മാലിന്യത്തിന്റെ തോത് ഗുരുതരമാണ്.

പനവൂരിൽ നിന്ന് ഉദ്ഭവിക്കുന്ന കിള്ളിയാർ, നെടുമങ്ങാട് മുതൽ കരമന വരെയുള്ള ജനവാസകേന്ദ്രങ്ങളിലൂടെ മാലിന്യം വഹിച്ചാണ് കരമനയാറിൽ ചേരുന്നത്. 1825ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഗൗരി പാർവതി ബായി ജലഗതാഗതത്തിനായി നിർമ്മിച്ച പാർവതി പുത്തനാർ നഗരത്തിലെ 17 വാർഡുകളിലൂടെ മാലിന്യങ്ങളും വഹിച്ചെത്തുന്നതും കരമനയാറ്റിലേക്കാണ്. തിരുവല്ലം പിന്നിട്ടാൽ റിസോർട്ടുകൾ മാത്രമല്ല, കയറിനായി തൊണ്ടഴുക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും നദിയെ കൂടുതൽ മലിനമാക്കുന്നു. സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ, രാസമാലിന്യങ്ങൾ എന്നിവയെല്ലാം ചേരുമ്പോഴുള്ള നദിയിലെ മാലിന്യത്തോത് ഭീകരമാണ്. 836 മില്യൺ ക്യുബിക് മീറ്റർ വാർഷിക ജലലഭ്യതയും 68 മില്യൺ ക്യുബിക് മീറ്റർ ഭൂഗർഭ ജലലഭ്യതയുമുള്ള നദിക്കാണ് ഈ അവസ്ഥ.

ചരിത്രം പാലമിട്ട കരമനയാർ (ബോക്സ്)​
ചരിത്രമുറങ്ങുന്ന ഒരു പാലം കരമനയാറിന് കുറുകെയുണ്ട്. വെള്ളനാട് പഞ്ചായത്തിലെ കൂവക്കുടിയിലാണ് ജർമ്മൻകാർ നിർമ്മിച്ച ഈ പാലം.വെള്ളനാട് പ്രദേശത്ത് ഗ്രാഫൈറ്റ് നിക്ഷേപമുണ്ടെന്ന് മനസിലാക്കിയ ജർമ്മനിയിലെ മോർഗൻ ക്രൂസിബിൾ കമ്പനി ചാങ്ങയ്‌ക്ക് സമീപം ഫാക്ടറി സ്ഥാപിച്ചിരുന്നു. ഖനനം ചെയ്ത ഗ്രാഫൈറ്റ് കൊണ്ടുപോകാൻ കരമനയാർ മുറിച്ചുകടക്കാനായാണ് 1904ൽ കൂവക്കുടിയിൽ പാലം പണിതത്. കരിങ്കല്ലും സുർക്കിക്കൂട്ടും ഉപയോഗിച്ച് പുനലൂർ തൂക്കുപാലം പോലെ ആർച്ച് മാതൃകയിലായിരുന്നു നിർമ്മാണം. ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പാലം കുലുങ്ങാതെ നിൽക്കുന്നുണ്ട്. ജർമ്മൻകാർ പോയെങ്കിലും ഫാക്ടറി നിലനിന്ന സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് കമ്പനിമുക്ക് എന്ന പേരിലാണ്.