road

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ദുരിതങ്ങൾക്ക് ശമനമില്ല. പരിസരമാകെ കാടും പടർപ്പും പടർന്നു കയറി വൃത്തിഹീനമായ അന്തരീക്ഷത്തിലാണിന്ന് ആശുപത്രിയുടെ പ്രവർത്തനം. ആഴ്ചകൾക്ക് മുമ്പ് ഇവിടത്തെ ജീവനക്കാരിക്ക് പാമ്പുകടി ഏൽക്കേണ്ടതായ സംഭവവും നടന്നിരുന്നു. എന്നാൽ പരിസരം യഥാവിധി വൃത്തിയാക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി. ആശുപത്രി പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും വേറെ. അവയിൽ ചിലത് ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് വീഴാനുള്ള സാദ്ധ്യതയുണ്ട്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. ജനറൽ വാർഡിൽ പലയിടത്തും സിമന്റ് പാളികൾ അടർന്നുമാറി കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. ആഴ്ചകൾക്ക് മുൻപ് ചെറിയൊരു ഭാഗം അടർന്നും വീണിരുന്നു. ആശുപത്രിയുടെ ശോചാനീയാവസ്ഥയ്ക്ക് പുറമെ തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ ഏറിയിട്ടുണ്ട്. തീരദേശ മേഖലയിലെ നിർദ്ധനരായ രോഗികളുടെ ഏക ആശ്രയമായ ആശുപത്രിയിൽ ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം പേർ ചികിത്സയ്ക്കായി എത്തുന്നു. ആശുപത്രിയുടെ ഈ ശോചനീയാവസ്ഥയിൽ അധികൃതരുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

 പനി വാർഡ് ഇല്ല

നിലവിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ പനി ഒ.പിയും പനി വാർഡും ആരംഭിച്ചിട്ടില്ല. രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവുമ്പോവും രോഗികളെ ചികിത്സിക്കുന്നതിനായി വേണ്ടത്ര ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. പ്രത്യകിച്ചും കാഷ്വാലിറ്റിയിൽ. ഇതിനുപുറമേ ജനറൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിൽ ഓരോ പോസ്റ്റുകൾ വീതം ഒഴിഞ്ഞു കിടക്കുകയാണ്. ആംബുലൻസ് ഡ്രൈവർമാരുടെ അഭാവവും അനുഭവപ്പെടാറുണ്ടെന്ന് രോഗികൾ പറയുന്നു.

 അപര്യാപ്തതകളാൽ പാതയും

ജനറൽ വാർഡിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്ന് ഒരു രോഗിയെ ജനറൽ വാർഡിലേക്ക് മാറ്റുന്ന അവസ്ഥ ഏറെ കഷ്ടം നിറഞ്ഞതാണ്. പൊട്ടിപ്പൊളിഞ്ഞ ഈ പാതയിലൂടെ വേണം രോഗിയെ വീൽച്ചെയറിൽ കൊണ്ടുപോകാൻ. വഴിയുടെ ശോചനീയാവസ്ഥ മൂലം വീൽച്ചെയർ തള്ളിനീക്കുവാൻ അല്പം കായികബലം കൂടി ആവശ്യമാണ്. മഴക്കാലമായാൽ ഈ പൊളിഞ്ഞ റോട്ടിൽ വെളളക്കെട്ട് രൂപപ്പെടും. വെളളക്കെട്ട് ദിവസങ്ങളോളം നീളുന്നത് ഇതുവഴിയുളള കാൽനട യാത്രയെയും ബാധിക്കുന്നു.