cctv-drishyam

കല്ലമ്പലം: ഒറ്റൂരിലും കുടവൂരിലും കാട്ടുമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കർഷകർ. പച്ചക്കറികളുടെ ഒരു നാമ്പ് പോലും മുളയ്ക്കാൻ സമ്മതിക്കില്ല. മാറിമാറി വരുന്ന കാലാവസ്ഥ വ്യതിയാനം അതിജീവിച്ച് എങ്ങനെയെങ്കിലും കൃഷിയിറക്കിയാലും വിളവെടുപ്പിന് മുമ്പുതന്നെ കാട്ടുമൃഗങ്ങൾ വിള നശിപ്പിക്കും. കാട്ടുപന്നികൾ, മുള്ളൻപന്നി, കുരങ്ങന്മാർ എന്നിവ കൂട്ടത്തോടെയെത്തിയാൽ വിളകൾ കണികാണാൻപോലും കിട്ടാറില്ലെന്നാണ് കർഷകർ പറയുന്നത്. ഇതോടെ പല കർഷകരും കൃഷിയിൽനിന്ന് പിന്തിരിയുകയാണ്.

ഒറ്റൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ രാത്രിയായാൽ പന്നിശല്യം രൂക്ഷമാണ്. ചേന്നൻകോട്, പെരിഞ്ഞാംകോണം പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പന്നികൾ കൂട്ടമായി ഓടുന്നത് സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞതോടെയാണ് നാട്ടുകാർ ഭീതിയിലായത്. രാത്രിയും പുലർച്ചെയും പുറത്തിറങ്ങാൻ പേടിക്കുകയാണ് നാട്ടുകാർ.

 അപകടങ്ങൾ നിരവധി

2 മാസം മുമ്പ് സമീപത്തെ ദേശീയ പാതയിൽ തോട്ടയ്ക്കാടിനു സമീപം രാത്രി പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. തോളെല്ലിന് പൊട്ടലേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്. മടവൂർ, പള്ളിക്കൽ, നാവായിക്കുളം, കരവാരം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പന്നികളുടെ ശല്യം രൂക്ഷമാണ്. മാസങ്ങൾക്കു മുമ്പ് ഫർണിച്ചർ ഷോപ്പ് ഉടമ ആറ്റൂർകോണം ചെറുന്നല്ലൂർ മേലതിൽ വീട്ടിൽ പ്രസാദ് (55) മരിച്ചതാണ് ഒടുവിലത്തെ സംഭവം. കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാട്ടുപുതുശ്ശേരിക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

 നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായവർ നിരവധിയാണ്.

 വന്യമൃഗങ്ങളും

പ്രദേശത്ത് രാത്രി കാട്ടുപന്നികളെ കൂടാതെ മുള്ളൻപന്നിയും പകൽ കുരങ്ങുകളും നാശം വിതയ്ക്കുന്നുണ്ട്. കാട്ടുപന്നികളും വാനരപ്പടയും കുടവൂരിൽ കാർഷിക വിളകൾ നശിപ്പിക്കൽ വ്യാപകമാണ്. പച്ചക്കറി, ഇടവിള കൃഷി എന്നിവ ചെയ്യാൻ കൃഷിക്കാർ മടിക്കുന്നു.