കിളിമാനൂർ: അവഗണനയിൽ തൊളിക്കുഴി മാർക്കറ്റ്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പുതിയ കാവ് ചന്ത കഴിഞ്ഞാൽ പിന്നെയുള്ള ഏക ചന്തയാണ് തൊളിക്കുഴി ചന്ത.തിരുവനന്തപുരം - കൊല്ലം ജില്ലാതിർത്തികളിൽ സ്ഥിതിചെയ്യുന്ന ഈ ചന്ത ആഴ്ചയിൽ രണ്ട് ദിവസമാണ് പ്രവർത്തിക്കുന്നത്.
ഈട്ടിമൂട്,കുന്നിൽക്കട,വട്ടത്താമര,സമ്പ്രമം,മുക്കുന്നം,മിഷ്യൻ കുന്ന്,ചെറുനാരകംകോട് തുടങ്ങി ഗ്രാമങ്ങളിലുള്ളവർ ഒരുകാലത്ത് ആശ്രയിച്ചിരുന്നത് ഈ ചന്തയെയായിരുന്നു.എന്നാൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇവിടെയെത്തുന്നത്. ചന്തയ്ക്കുള്ളിലെ കൂറ്റൻ ആലും അതിന് ചുവട്ടിലെ വിവിധ കച്ചവടക്കാരുമൊക്കെ ഒരു ഓർമ്മയായി അവശേഷിക്കുന്നു.
തൊളിക്കുഴിയിലെ മിക്ക കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്ന ഒരിടം കൂടിയായി മാറിയിരിക്കുകയാണ് ചന്ത. കൂടാതെ റബർ ഉൾപ്പെടെയുള്ള മരത്തിന്റെ ഭാഗങ്ങൾ ചെറുവാഹനങ്ങളിലെത്തിച്ച് വലിയ വാഹനങ്ങളിൽ കയറ്റുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും,ഹരിതകർമ്മ സേനയുടെ മാലിന്യങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്.എത്രയും വേഗം ചന്ത വൃത്തിയാക്കി നവീകരിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
കാലത്തിന് അനുസരിച്ചുള്ള മാറ്റമില്ലാതെ
ആകെ നടന്നത്
ചന്തയ്ക്ക് അകത്ത് മീൻ കച്ചവടത്തിന് ഒരു സ്റ്റാൾ പണിതതല്ലാതെ യാതൊരു വികസനപ്രവർത്തനങ്ങളും ചെയ്തിട്ടില്ല. പണിത മീൻ സ്റ്റാളാകട്ടെ അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ അതിനകത്ത് കയറി ആളുകൾക്ക് മീൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്.സ്റ്റാളിനകത്ത് നിന്നു മലിനജലം ചന്തയ്ക്കകത്തേക്ക് ഒഴുകി ദുർഗന്ധം വമിക്കുന്നു.
കച്ചവടം ചെയ്യാൻ ഇടമില്ല
ചെറുകിട കച്ചവടക്കാർ മഴയത്തും വെയിലിലും പുറത്തെ മൺതറയിലിരുന്നാണ് കച്ചവടം ചെയ്യുന്നത്.മഴ പെയ്യുകയാണെങ്കിൽ ചെളിക്കെട്ട് മാത്രമല്ല, മാലിന്യം കൂടി ഇവിടേക്ക് ഒഴുകിയെത്തും. ചന്തയുടെ കാൽ ഭാഗത്തോളം കാടുകയറിയ അവസ്ഥയിലാണ്.
കച്ചവടക്കാരുടെ ആവശ്യം
1) ചെളിക്കെട്ട് ഒഴിവാക്കാൻ തറ കോൺക്രീറ്റ് ചെയ്യണം
2) ചെറുകിട കച്ചവടക്കാർക്ക് ചെറിയ സ്റ്റാളുകൾ പണിതു നൽകണം