തിരുവനന്തപുരം: കരമനയാറിലെ മാലിന്യപ്രശ്‌നം തുടങ്ങിയിട്ട് വർഷങ്ങളായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിൽ സംസ്ഥാനത്തെ ഏറ്റവും മലിനമായ നദികളിൽ ഒന്നാമത് കരമനയാറായിരുന്നു. കഴിഞ്ഞ വർഷത്തെ പട്ടികയിൽ കരമനയാറിനെ പിന്നിലാക്കി ചാലിയാർ ഒന്നാമതെത്തിയത് കരമനയാറിലെ മലിനീകരണത്തോത് കുറഞ്ഞതുകൊണ്ടല്ല. ഇതിനെക്കാൾ ചാലിയാർ മലിനപ്പെട്ടതിനാലാണ്.
10 വർഷം മുമ്പുവരെ നദി അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നം മണൽവാരലായിരുന്നു. ഏറെ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതായിരുന്നു മണൽ വാരലെങ്കിലും ഈ സമയങ്ങളിൽ നദിയിൽ മാലിന്യം തള്ളൽ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ആറ്റുകടവുകളിൽ കുളിക്കാനായി നിരവധിപ്പേർ എത്തിയിരുന്നതിനാൽ മാലിന്യം നിക്ഷേപിക്കാൻ ആരും തയ്യാറായില്ല. കര ഇടിച്ചുള്ള മണലൂറ്റ് നദിയുടെ സ്വാഭാവിക രൂപത്തെ ഇല്ലാതാക്കിയതിനാൽ പൊലീസ് ഇടപെടലിൽ മണൽവാരൽ പൂർണമായും അവസാനിച്ചു. അതിനുശേഷം കരയിടിഞ്ഞ പ്രദേശങ്ങൾ സംരക്ഷിക്കാൻ മുളകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതികൾ സർക്കാരും ജില്ലാപഞ്ചായത്തും വെവ്വേറെ ആവിഷ്‌കരിച്ചു. നദിയുടെ അങ്ങോളമിങ്ങോളമായി 3000 തൈകൾ നട്ടു. എന്നാൽ മുളച്ചത് നൂറിൽത്താഴെ മാത്രം. ഇടിഞ്ഞുവീണ നദിയോരം സംരക്ഷിക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് നദിയുടെ ചില ഭാഗങ്ങളിൽ കരിങ്കൽ ഭിത്തികൾ പണിതു. അതിൽ കുറേഭാഗം വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു. മാലിന്യം നിറഞ്ഞ കരമനയാറിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ 2015ൽ യു.ഡി.എഫ് സർക്കാർ മൂന്നുകോടിയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചെങ്കിലും മുന്നോട്ടുപോയില്ല. നദിയിലെ വിവിധ പാലങ്ങൾക്ക് മുകളിൽ വാഹനത്തിലെത്തി മാലിന്യം വലിച്ചെറിയുന്നത് തടയാൻ പാലങ്ങൾക്ക് ഇരുവശങ്ങളിലുമായി ഇരുമ്പ് വലയും സി.സി ടിവി ക്യാമറകളും സ്ഥാപിച്ചതും ഫലം കണ്ടില്ല. ഏറ്റവും കൂടുതൽ മാലിന്യം നിക്ഷേപിക്കുന്ന വെള്ളനാട് കൂവക്കുടിയിലെ പഴയതും പുതിയതുമായ രണ്ടുപാലങ്ങളിലും ഇരുമ്പുവലയും ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാലിപ്പോൾ തൂണുകൾ മാത്രമാണ് അവിടെയുള്ളത്.
കലയുടെ നദിയോരം
മറ്റൊരു നദിക്കുമില്ലാത്ത കലാപാരമ്പര്യമുണ്ട് കരമനയാറിന്. ചാത്തംകോട് ആദിവാസി ഊരിലെ കാണിക്കാരുടെ ചാറ്റുപാട്ട് കേട്ട് ഒഴുകിത്തുടങ്ങിയ നദി, കരമനയിലെത്തുമ്പോൾ കേട്ടത് തിരുവിതാംകൂർ രാജസദസിലെ സംഗീതജ്ഞരുടെ കീർത്തനങ്ങളായിരുന്നുവെന്നത് ചരിത്രം. സംഗീതജ്ഞർക്ക് കരമനയിൽ നദീതീരത്തായിരുന്നു മഹാരാജാവ് താമസ സൗകര്യമൊരുക്കിയത്. മഹാദേവ ഭാഗവതരും സുബ്രഹ്മണ്യ ഭാഗവതരുമെല്ലാം അക്കൂട്ടത്തിൽ ചിലർ മാത്രം. സ്വാതിതിരുനാൾ, തന്റെ രാജസദസിലേക്ക് ക്ഷണിച്ചുവരുത്തിയ വടിവേലു നട്ടുവനാരുടെയും ഷഡ്കാല ഗോവിന്ദ മാരാരുടെയും പാട്ടുകളും കരമനയാർ കേട്ടു. നദിയോരത്തെ കൽമണ്ഡപത്തിലിരുന്ന് സ്വാതിതിരുനാൾ കീർത്തനങ്ങൾ രചിച്ചതായും പഴമക്കാർ പറയുന്നു. സംഗീതജ്ഞൻ നീലകണ്‌ഠശിവനും നടൻ കരമന ജനാർദ്ദനൻ നായരും ഗായിക കെ.എസ്.ചിത്രയുമെല്ലാം ഈ നദീതീരം കേരളത്തിന് നൽകിയ സംഭാവനകളാണ്.