തിരുവനന്തപുരം:സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, ഡിപ്ളോമാറ്റിക് പരിരക്ഷയുടെ മറവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ചത് പിടി കൂടാൻ നേതൃത്വം നൽകിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എച്ച്. രാമമൂർത്തി ഇന്നലെ സർവ്വീസ് വിട്ടു.ഏഴ് വർഷം സർവ്വീസ് ശേഷിക്കെയാണിത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിടുതൽ.
തിരുവനന്തപുരം എയർപോർട്ടിലൂടെ പതിനഞ്ച് കോടിയുടെ സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താൻ ശ്രമിച്ചത്.ഈ സംഭവത്തിൽ നിരവധി ഭീഷണികളാണ് രാമമൂർത്തിക്കു നേരെയുണ്ടായത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകൾ ഭീഷണി ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതൊന്നും വകവയ്ക്കാതെയാണ് നടപടികളുമായി മുന്നോട്ട് പോയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ പിടിയിലായിരുന്നു.സമാനമായ രീതിയിൽ 2000 ആഗസ്റ്റിൽ ഡൽഹി വിമാനത്താവളത്തിലൂടെ ഉസ്‌ബെകിസ്ഥാൻ സ്വദേശിനിയായ വോൾഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്ക് കസ്റ്റംസ് അധികൃതർ പിടി കൂടിയതിനും രാമമൂർത്തി നേതൃത്വം നൽകിയിരുന്നു. അന്ന് 27 ബാഗുകളിലായാണ് വോൾഗ ചൈനീസ് സിൽക്ക് ഇന്ത്യയിലെത്തിച്ചത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകൾ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഈ ഉദ്യോഗസ്ഥനുണ്ടായതാണ്
ആ വലിയ കടത്ത് പുറത്തു വരാനിടയാക്കിയത്.