വിതുര: നാളെ നടക്കുന്ന കർക്കടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ പോകുന്നവരുടെ യാത്രാസൗകര്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി സ്പെഷ്യൽസർവീസുകൾ നടത്തും. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആനപ്പാറ വാളേങ്കി ശ്രീആയിരവില്ലിക്ഷേത്രം, കല്ലാർ ശ്രീമാരിയമ്മൻക്ഷേത്രം, ചെറ്റച്ചൽ മേലാംകോട്ക്ഷേത്രം, കുളമാൻകോട് ശ്രീദേവിക്ഷേത്രം, താവയ്ക്കൽ അപ്പൂപ്പൻകാവ് ക്ഷേത്രം, ആറ്റിൻപുറം ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 4മുതലാണ് ബലിതർപ്പണചടങ്ങുകൾ ആരംഭിക്കുന്നത്. വാമനപുരം നദിയുടെ എല്ലാപ്രധാനകടവുകളിലും ബലിതർപ്പണം നടക്കും. വിതുരയിൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിനെത്തുന്ന താവയ്ക്കലിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദും വൈസ് പ്രസിഡന്റ് സന്ധ്യാജയനും അറിയിച്ചു.

 ജാഗ്രത വേണം

പൊൻമുടി, ബോണക്കാട്, കല്ലാർ വനമേഖലയിൽ മഴ ശക്തി പ്രാപിച്ചതോടെ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കല്ലാർ നദിയിലേക്ക് അനവധി തവണ മലവെള്ളപ്പാച്ചിലുമുണ്ടായി. നദിയിൽ അടിയൊഴുക്ക് ശക്തമാണ്. വിതുരയിലെ പ്രധാന കടവുകളിൽ വിതുര സി.ഐ.പ്രദീപ് കുമാർ, എസ്.ഐ മുഹ്സിൻ മുഹമ്മദ് എന്നിവർ മേൽനോട്ടം വഹിക്കും. വാമനപുരം നദിയിൽ ബലിയിടുന്നവർ ജാഗ്രതപാലിക്കണമെന്ന് പൊലീസ് അറിയിച്ചു.