photo

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തുടർച്ചയായ അശ്രദ്ധമൂലം സംഭവിക്കുന്ന അപകടങ്ങൾ ഏറുന്നു.

സൂചകങ്ങൾ മുതൽ പാതയ്ക്ക് സമീപം പ്രവർത്തിച്ചുവരുന്ന ചെറുകടകൾ വരെ ഉണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ബസ്‌സ്റ്റാൻഡിനു സമീപമായുള്ള ട്രാഫിക് ഐലന്റിന് ചുറ്റുമായി നിയമവിരുദ്ധമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഫ്ലക്സ് ബോർഡുകളും വച്ചിട്ടുണ്ട്.

ഇത് എതിർ ദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് തടസമാകുന്നു.

അപകട സാദ്ധ്യതയ്ക്ക് പിന്നിൽ

ബസ്‌സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ കൃത്യമായ സൂചകങ്ങൾ ഇല്ല.

പാതയ്ക്ക് സമീപം അനധികൃതമായി പ്രവർത്തിച്ചുവരുന്ന ചെറുകടകൾ

ട്രാഫിക് ഐലന്റിന് ചുറ്റുമായി നിയമവിരുദ്ധമായ ഫ്ലക്സ് ബോർഡുകൾ

തിരക്കുള്ള സമയങ്ങളിലും ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തത് ഡിപ്പോയ്ക്കുള്ളിൽ തിരക്ക് കൂട്ടുന്നു.

വേഗത നിയന്ത്രണ ഹമ്പുകൾ സ്ഥാപിക്കണം

തിരുവനന്തപുരം ഭാഗത്തുനിന്നും കളിയിക്കാവിള ഭാഗത്തുനിന്നും സ്റ്റാൻഡിന്റെ ഉള്ളിലേക്ക് ബസുകൾ പ്രവേശിക്കുന്ന റോഡിൽ വേഗത നിയന്ത്രണ ഹമ്പുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം ജലരേഖയായിമാറുന്നു. ബസുകൾ സ്റ്റാൻഡിനു പുറത്തേക്ക് ഇറങ്ങുന്ന അമ്മൻകോവിലിന് സമീപവും കൃത്യമായ സൂചകങ്ങളോ സുരക്ഷാസംവിധാനങ്ങളോ ഇല്ല.

ബസ് സ്റ്റാൻഡിനു സമീപം അനധികൃതമായി സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

പ്രശ്നങ്ങൾ പരിഹരിക്കണം

തിരക്കുള്ള സമയങ്ങളിൽ പോലും ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥരെ ബസ് സ്റ്റാൻഡിലെ വിവിധ പോയിന്റുകളിൽ നിയോഗിച്ചിട്ടില്ല. നിരവധി അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് ബസുകൾ പ്രതിദിനം കടന്നുപോകുന്ന നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ സുരക്ഷാ സംവിധാനങ്ങളും പ്രവേശന പാതയിലെ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കണമെന്ന് യാത്രക്കാരും ജീവനക്കാരും ആവശ്യപ്പെടുന്നു.

ഫ്ലക്സ് ബോർഡും പ്രശ്നം

നഗരസഭയുടെ അധീനതയിലുള്ള സമീപത്തെ ട്രാഫിക് ഐലൻഡിനെ ഫ്ലക്സ് ബോർഡ് നിരോധിതമേഖലയായി പ്രഖ്യാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഈ കഴിഞ്ഞ രണ്ടുമാസകാലയളവിൽ ഏഴോളം ചെറുതും വലുതുമായ അപകടങ്ങൾ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമമായ ഗതാഗതം സാദ്ധ്യമാക്കാനും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ നിലവിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചേ മതിയാവൂ.