ko

കോവളം: കടന്നൽ കുത്തേറ്റ് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. പടിഞ്ഞാറെ പൂങ്കുളം വിജയ നിവാസിൽ പരേതനായ പരമേശ്വരൻ ആശാരിയുടെ ഭാര്യ ശ്യാമള (74) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് വീടിന്റെ പുറക് വശത്തെ പുരയിടത്തിൽ നിന്ന് കൂവളത്തിന്റെ ഇല പറിക്കാൻ നടന്നു പോകുന്നതിനിടെ തറയിൽ കിടന്ന കടന്നൽ,​ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. സംഭവം സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മകൻ എത്തിയ ശേഷം തീവ്രമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അതിയായ അണുബാധയെ തുടർന്ന് ഇന്നലെ പുലർച്ചയോടെ മരിച്ചു. നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് 3 ഓടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് വീട്ടു വളപ്പിൽ സംസ്കരിക്കുകയും ചെയ്തു. മക്കൾ: വിജയകുമാർ, ജയശ്രീ. മരുമകൻ:സുന്ദരേശൻ.