തിരുവനന്തപുരം: വൈകിട്ട് 6കഴിഞ്ഞ് പൂജപ്പുര റൗണ്ട് എബൗട്ട് പാർക്കിൽ വിശ്രമിക്കാനെത്തുന്നവർ മെഴുകുതിരിയും തീപ്പെട്ടിയും കൈയിൽ കരുതണം. പാർക്കിന് ചുറ്റുമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ചയായി.ലൈറ്റുകളിലധികവും സോളാറാണ്.
സായാഹ്നങ്ങളിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളും അടുത്തുള്ള ഫ്ലാറ്റുകളിലെ കുട്ടികളും ഇവിടെ പഠിക്കാനെത്തുമായിരുന്നു.ഇപ്പോൾ മെഴുകുതിരി വെട്ടവും പാർക്കിന് മുന്നിലെ തട്ടുകടകളിൽ നിന്ന് വരുന്ന അരണ്ട വെളിച്ചവുമാണ് ഇവർക്ക് ആശ്രയം.സ്ഥിരമായി നടക്കാനെത്തുന്ന വയോജനങ്ങളും നിരാശയിലാണ്. രാത്രി വൈകുംവരെ നാട്ടുകാര്യം പറഞ്ഞ് പാർക്കിൽ ഒത്തുകൂടിയ സാംസ്കാരിക പ്രവർത്തകരും സാഹിത്യക്ലബുകളും പുതിയ ഇടങ്ങൾ തേടിപ്പോയി.എത്രയും വേഗം ലൈറ്റുകൾ ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാർക്കിലെ മറ്റുപ്രശ്നങ്ങൾ
1) ലാൻഡ് സ്കേപ്പിംഗ് ചെയ്തിരുന്ന സ്ഥലം കാടായി
2) ഇഴജന്തുശല്യവും
3) പാർക്കിലെ സ്വിമ്മിംഗ് പൂളിൽ വെള്ളം കെട്ടിനിന്ന് കൂത്താടികൾ പെരുകി
4) സെക്യൂരിറ്റി ഗാർഡുകൾ ഇല്ല
5) ഗേറ്റ് തുറന്നുകിടക്കുന്നതിനാൽ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു
കരാർ കഴിഞ്ഞു
പൂജപ്പുരയെ ജഗതി,വഴുതക്കാട്,കുഞ്ചാലുംമൂട്,കരമന,തിരുമല എന്നിവിടങ്ങളുമായി ബന്ധിക്കുന്ന സ്ഥലമാണിത്. നഗരസഭയ്ക്ക് കീഴിലുള്ള പാർക്കിൽ പരിപാലനം നടന്നിട്ടും നാളുകളേറെയായി.എസ്.ബി.ഐക്കായിരുന്നു പരിപാലനച്ചുമതല.എസ്.ബി.ഐയും നഗരസഭയുമായുള്ള കരാർ അവസാനിച്ചു. കരാർ പുതുക്കാനായി എസ്.ബി.ഐ അപേക്ഷിച്ചിട്ടുണ്ട്.
ശില്പത്തോടുള്ള അനാദരവ്
പി.എൻ.പണിക്കറുടെ പ്രതിമ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.2021ൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത 11 അടി ഉയരമുള്ള വെങ്കലപ്രതിമയോടുള്ള അനാദരവാണ് പാർക്കിൽ വെളിച്ചം പുനഃസ്ഥാപിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.പ്രതിമയ്ക്ക് മുന്നിലുള്ള ലൈറ്റുകൾ പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലാണ്.
പാർക്കിൽ കണ്ട
പലദിന കാഴ്ചകൾ
ജൂലായ് 12: രാത്രി 9.30വരെ പാർക്ക് സജീവം
ജൂലായ് 2: രാത്രി 7.30ന് മെഴുകുതിരിവെട്ടത്തിൽ അമ്മ മകനെ പഠിപ്പിക്കുന്നു.കാറ്റിൽ പലവട്ടം മെഴുകുതിരി അണയുന്നു.
ജൂലായ് 2: രാത്രി 8.ന്.പാർക്ക് ശൂന്യം. തെരുവുനായ്ക്കൾ ബെഞ്ചുകളിൽ വിശ്രമിക്കുന്നു.
പാർക്കിന്റെ പരിപാലനച്ചുമതല എസ്.ബി.ഐക്കാണെങ്കിലും ലൈറ്റുകളുടെ ചുമതല നഗരസഭയ്ക്കാണ്. നഗരസഭ ഇപ്പോൾ കരാർ നൽകിയ സ്വകാര്യ കമ്പനികൾ കൃത്യമായി പരിപാലിക്കാത്തതാണ് പ്രശ്നം. കരാറുകാർക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയാറാവണം.
വി.വി.രാജേഷ്, പൂജപ്പുര വാർഡ് കൗൺസിലർ