photo

നെയ്യാറ്റിൻകര: അരുവിപ്പുറം ശിവ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താനാകും. ക്ഷേത്ര പരിസരത്തും നദിക്കരയിലും പ്രത്യേകം ബാരിക്കേടുകൾ നിർമ്മിച്ചാണ് ചടങ്ങുകൾ നടത്തുന്നത്. വനിതാ പൊലീസ് അടക്കം ആവശ്യമായ സേനയെ വിന്യസിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യമൊരുക്കി. എക്സൈസ് വകുപ്പിന്റെ പ്രത്യേക നിരീക്ഷണം രണ്ടു ദിവസം മുമ്പ് ആരംഭിച്ചു.

നദിക്കരയിൽ ഫയർ ഫോഴ്സ് സേവനം ഉറപ്പുവരുത്തും. ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം ക്ഷേത്രാങ്കണത്തിൽ പ്രവർത്തിക്കും. വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ ശുദ്ധജല വിതരണവും വൈദ്യുതി വകുപ്പ് മുടങ്ങാതെ വൈദ്യുതിയും എത്തിക്കും. നെയ്യാറ്റിൻകര നഗരസഭയും പെരുങ്കടവിള ഗ്രാമ പഞ്ചായത്തും സംയുക്തമായി ശുചീകരണം നടത്തും. ക്ഷേത്രാങ്കണത്തിൽ റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. നാളെ രാവിലെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.