തമിഴിന്റെ മണത്തിൽ ശക്തമായ പ്രമേയവുമായി വരുന്ന ചിത്രങ്ങളിലെ നായികമാർക്ക് മലയാളി മുഖം .ഈ ട്രെൻഡാണ് ഇപ്പോൾ തമിഴിൽ. ഇവരുടെ സിനിമയുടെ സംവിധായകർ തമിഴ് സംസ്കാരത്തിന്റെയും ദേശത്തിന്റെയും കഥ പറയുന്നവരും.
പാർവതി തിരുവോത്ത്, മാളവിക മോഹനൻ, നിഖില വിമൽ, അന്ന ബെൻ എന്നിവരാണ് നായികമാർ. വിക്രം നായകനായി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ 15 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. തമിഴ് സിനിമ ചരിത്രത്തിൽ നാഴികക്കല്ലായി മാറുമെന്ന് വിശേഷിപ്പിക്കുന്ന സിനിമയിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും വിക്രത്തിനൊപ്പം കാഴ്ച വയ്ക്കുന്നത്. ദേശീയ അവാർഡ് ലഭിക്കാൻ ഉതകുന്ന പ്രകടനം ചിത്രത്തിന്റെ ടീസറിൽ പാർവതി കാഴ്ച വയ്ക്കുന്നുണ്ട്. പാർവതിയുടെയും മാളവികയുടെയും കരിയറിൽ അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് തങ്കലാനിലെന്ന് ഇരുവരും ഉറപ്പിക്കുന്നുണ്ട്. ഭരത് ബാല സംവിധാനം ചെയ്ത ധനുഷ് നായകനായ മരിയനിലെ പനിമലർ എന്ന പാർവതി കഥാപാത്രം തമിഴ് മണം നിറഞ്ഞതായിരുന്നു. ഇതിനു മുകളിൽ തങ്കലാനിലെ ഗംഗമ്മ എത്തുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തങ്കലാൻ. ആരതി എന്ന കഥാപാത്രമായി അത്ഭുതപ്പെടുത്തുന്ന പകർന്നാട്ടം തങ്കലാനിൽ കാഴ്ച വയ്ക്കുന്നുണ്ട്. അന്ന ബെന്റെ തമിഴ് അരങ്ങേറ്റമായ കൊട്ടുകാളി 23 ന് റിലീസ് ചെയ്യും. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന അന്ന ബെൻ മീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സൂരി ആണ് നായകൻ. കൂഴങ്കല്ല് എന്ന മികച്ച ചിത്രം സംവിധാനം ചെയ്ത പി.എസ്. വിനോദ് രാജ് ആണ് സംവിധാനം.
മാരി സെൽവരാജ് ഇത്തവണ മലയാളി താരത്തെ തന്നെ നായികയാക്കി. വാഴൈ എന്നു പേരിട്ട ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു. തമിഴ് സിനിമാലോകത്ത് നിഖില വിമൽ എന്ന അഭിനേത്രിയുടെ കരിയറിൽ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുന്ന വാഴൈ. പോർതൊഴിൽ എന്ന ചിത്രത്തിൽ നിഖില മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും വാഴൈ എല്ലാം മറ്റിമറിക്കുമെന്ന് കരുതുന്നവർ ഏറെയുണ്ട്. ചിത്രത്തിൽ മലയാളി താരം പ്രിയങ്ക നായർ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.