തിരുവനന്തപുരം: തലസ്ഥാനത്ത് കർക്കടക വാവുബലിക്കായി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും ഒരുങ്ങി.തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒൻപത് ബലി മണ്ഡപങ്ങളിലായി ഒരേസമയം 3,500 പേർക്കാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ബലിതർപ്പണം നടത്താം.
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം,അരുവിപ്പുറം ശിവക്ഷേത്രം,കഠിനംകുളം മഹാദേവക്ഷേത്രം,തൃക്കുളങ്ങര വിഷ്ണക്ഷേത്രം,വെള്ളായണി ശിവോദയം ശിവക്ഷേത്രം,വേളി പൊഴിക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശംഖുംമുഖം കടപ്പുറത്ത് പുലർച്ചെ നാല് മുതൽ വാവുബലിക്കുള്ള വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.പേരൂർക്കട മണികണ്ഠേശ്വരം ക്ഷേത്രക്കടവിൽ (മണ്ണാമ്മൂല പാലത്തിന് സമീപം) സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പുലർച്ചെ 3മുതൽ ബലിതർപ്പണം നടക്കും.
വാവുബലി ടിക്കറ്റുകൾ
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലി ടിക്കറ്റുകൾ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം,മണക്കാട് ശാസ്താക്ഷേത്രം,ശ്രീവരാഹം വരാഹമൂർത്തി,ശ്രീകണ്‌ഠേശ്വരം,ചെന്തിട്ട ദേവീക്ഷേത്രം,കുശക്കോട് മഹാദേവക്ഷേത്രം,പാളയം ഹനുമാൻ സ്വാമിക്ഷേത്രം,അമ്പലമുക്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രം,പുത്തൻചന്ത ഹിന്ദുമത ഗ്രന്ഥശാല എന്നിവിടങ്ങളിൽനിന്ന് ലഭിക്കും.
ശംഖുംമുഖത്ത്
സ്‌കൂബ ഡൈവേഴ്സ്
സുരക്ഷയ്ക്കായി ശംഖുംമുഖം തീരത്ത് സ്‌കൂബ ഡൈവേഴ്സിനെ സജ്ജമാക്കിയിട്ടുണ്ട്. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്ന് പതിനാറായി ഉയർത്തി. ബലിതർപ്പണത്തിനുശേഷം കുളിക്കാൻ 50 ഷവറുകളും ഒരുക്കിയിട്ടുണ്ട്.
ഒരുക്കങ്ങൾ പൂർണം: ജില്ലാ കളക്ടർ
ജില്ലയിലെ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണത്തിന് സജ്ജീകരണങ്ങളൊരുക്കിയതായി ജില്ലാകളക്ടർ അനുകുമാരി അറിയിച്ചു. തിരുവല്ലം, ശംഖുംമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിവിടങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങളുണ്ട്.
സബ് കളക്ടർ അശ്വതി ശ്രീനിവാസാണ് ക്രമീകരണങ്ങളുടെ നോഡൽ ഓഫീസർ. തിരുവല്ലത്തെ ബലിതർപ്പണകേന്ദ്രത്തിന്റെ ചുമതലയും സബ് കളക്ടർക്കാണ്. ചടങ്ങുകൾ ഹരിതചട്ടം പാലിച്ചായിരിക്കും നടക്കുക. വിവിധ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സജ്ജമാക്കിയ സ്ഥലങ്ങളിൽമാത്രം ബലിതർപ്പണം നടത്തി സുരക്ഷിതമായി മടങ്ങണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.