വർക്കല: കർക്കടകവാവ് ബലിതർപ്പണത്തിനായി വർക്കല പാപനാശത്ത് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനെത്തുന്നത്. പാപനാശം ബലി മണ്ഡപത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബലി മണ്ഡപത്തിലും പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലും ബലിക്കടവിലും ഒക്കെയായി നാനൂറോളം പേർക്ക് ഒരേസമയം ബലിയിടാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
ശനിയാഴ്ച പുലർച്ചെ 3.30 മുതൽ വാവ് ആരംഭിക്കുമെന്നും ഈ സമയം മുതൽ ബലിതർപ്പണം നടത്താമെന്നുമാണ് വർക്കല ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. പഞ്ചാംഗപ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 കഴിഞ്ഞാണ് വാവ് ആരംഭിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30വരെ അമാവാസിയാണ്. ക്ഷേത്രത്തിൽ തിലഹവനം,പിതൃപൂജ എന്നിവ നടത്തുന്നതിനും സൗകര്യമുണ്ട്.
നൂറിൽപ്പരം പുരോഹിതർക്ക് കാർമികത്വത്തിനുള്ള ലൈസൻസും നൽകിയിട്ടുണ്ട്.മുഴുവൻ സമയം പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസും,അപ്പം,അരവണ വഴിപാട് പ്രസാദങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും തയ്യാറാക്കി. തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെയാണ് മേൽനോട്ടച്ചുമതലകൾക്കായി ദേവസ്വം ബോർഡ് അധികാരപ്പെടുത്തിയിട്ടുള്ളത്.
പാപനാശത്തെ ക്രമീകരണങ്ങൾ
1) സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 1000ത്തോളം പൊലീസ് ഉദ്യോഗസ്ഥർ
2) വിവിധയിടത്തേക്ക് 100ഓളം കെ.എസ്.ആർ.ടി.സി ബസുകളുടെ സ്പെഷ്യൽ സർവീസ്
3) 25 ലൈഫ് ഗാർഡുകളുടെയും സ്കൂബാ ഡൈവേഴ്സിന്റെയും സേവനം
വർക്കല നഗരസഭയിലെ
സജ്ജീകരണങ്ങൾ
1) റോഡുകളുടെ ഇരുവശവും കാട് വൃത്തിയാക്കി.ഓടകളിലെ മണ്ണും ചെളിയും നീക്കം ചെയ്തു
2) ഗ്രീൻപ്രോട്ടോക്കോൾ ഒരുക്കങ്ങൾ പൂർത്തിയായി
3) ഹരിതകർമ്മസേന,എൻ.എസ്.എസ്,എസ്.പി.സി വോളന്റിയർമാരായി 170 ഓളം പേർ
4) ക്ഷേത്രക്കുളത്തിനു സമീപം 30 താത്കാലിക ടോയ്‌ലെറ്റുകൾ
5) തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കി
6) ജലഅതോറിട്ടി വഴി കുടിവെള്ള വിതരണത്തിന് 12 ടാങ്കുകൾ
7) 12 ഇടത്ത് വാഹന പാർക്കിംഗ്
8) സ്റ്റാൻഡ് ബൈ ഫയർഎൻജിനും ആംബുലൻസും ഉൾപ്പെടെ മുപ്പതോളം സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സേവനം ഫയർ ആൻഡ് റെസ്ക്യു ഉറപ്പുവരുത്തി
9) വർക്കല താലൂക്കാശുപത്രിയുടെ ഒരു ആംബുലൻസും 24 മണിക്കൂർ കാഷ്വാറ്റിയുമുണ്ടാകും
10) 7 പേരടങ്ങുന്ന മെഡിക്കൽ ടീമിന്റെ സേവനം(മണമ്പൂർ സി.എച്ച്.സി)
സർക്കാർ തലത്തിൽ ദേവസ്വം ബോർഡ്,വർക്കല നഗരസഭ,വാട്ടർ അതോറിട്ടി,കെ.എസ്.ഇ.ബി,പൊലീസ്,ഫയർഫോഴ്‌സ് എന്നിവ ഉൾപ്പെടെ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ഏകോപിപ്പിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
അഡ്വ.വി.ജോയി, എം.എൽ.എ
ശിവഗിരിയിലും വിപുലമായ ഒരുക്കം
കർക്കടകവാവ് ബലിക്ക് ശിവഗിരിയിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. മഹാഗുരുപൂജ,ഗുരുപൂജ തുടങ്ങി ശാരദാമഠത്തിലും മഹാസമാധിയിലും നടത്തേണ്ട വഴിപാടുകൾക്ക് ഭക്തർക്ക് യാതൊരുവിധ തടസങ്ങളും നേരിടാതെ നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രത്യേക വാഹനങ്ങളിൽ എത്തുന്നവർക്കായി തീർത്ഥാടന ഓഡിറ്റോറിയത്തിന് ഇരുവശവും സമീപപ്രദേശങ്ങളിലുമായി പാർക്കിംഗ് സൗകര്യമുണ്ടാകും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ ബ്രഹ്മചാരിമാർ,മറ്റു വൈദികർ ഉൾപ്പെടെയുള്ളവർ കാർമ്മികത്വം വഹിക്കും. ഗുരുധർമ്മപ്രചാരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കർമ്മയോഗയുടെയും വോളന്റിയർമാരുടെ സേവനം ലഭിക്കും.