1

പൂവാർ: കാഞ്ഞിരംകുളത്ത് അ‌ജ്ഞാത ജീവി വീട്ടിലെ ആറ് ആടുകളേയും 12 കോഴികളേയും കൊന്നു. കാഞ്ഞിരംകുളം ചാവടി വിരാലിവിള എസ്.എൽ ഭവനിൽ സനലിന്റെ വീട്ടിലെ വളർത്തുമൃഗങ്ങളാണ് ചത്തത്. ഇന്നലെ രാവിലെയാണ് ആടുകളേയും കോഴികളേയും കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. ആടുകളെ വീട്ടുമുറ്റത്ത് കെട്ടിയിരിക്കുകയായിരുന്നു. കൂട്ടിൽ കയറിയാണ് കോഴികളെ ആക്രമിച്ചത്. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. കാഞ്ഞിരംകുളം പൊലീസും വനംവകുപ്പ് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധനകൾ നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും ആടിന് നേരെ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ആടിന്റെ ശരീരത്തിൽ കടിയേറ്റതിന്റെ പാടുകൾ കണ്ടെത്തി. അതേസമയം,​ സ്ഥലത്ത് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. നാട്ടുകാരിൽ പുലിപ്പേടി നിലനിൽക്കുന്നതിനാൽ കൂട് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.