തിരുവനന്തപുരം:ഉരുൾപൊട്ടൽ ദുരന്തപ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ നിന്ന് 53 അംഗ ഫയർ ഫോഴ്സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു.ജില്ലയിൽ നിന്ന് നാല് ഉദ്യോഗസ്ഥരും 49 ഫയർമാന്മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയാണ് ആദ്യബാച്ചിൽ വയനാട്ടിലെത്തിക്കുന്നത്. ക്യാമ്പുകളിലേക്ക് നൽകാനായി ജില്ലാ കളക്ടറേറ്റിലെ കളക്ഷൻ സെന്ററിലേക്ക് സാധനങ്ങൾ ഇനി എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. ഇനിയും സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നൽകണമെന്നും കളക്ടർ അറിയിച്ചു.