തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയെ കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വെടിവച്ച വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 5ദിവസത്തെ കസ്റ്റഡിയാവും ആവശ്യപ്പെടുക. വെടിവച്ച എയർഗൺ പിടിച്ചെടുക്കുകയാണ് പ്രധാനദൗത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിൽ തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ക്വാർട്ടേഴ്സ് പൊലീസ് പൂട്ടി സീൽചെയ്തു. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതിയുമായി ക്വാർട്ടേഴ്സിലെത്തി തോക്ക് പിടിച്ചെടുക്കും. വെടിവയ്ക്കാനെത്തിയ കാറിന് വ്യാജ നമ്പർ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും. വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് പതിനൊന്നാം കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണസംഘം പറഞ്ഞു.

കഴിഞ്ഞദിവസം പ്രതിയെ കൊല്ലത്ത് ആയൂരിൽ എത്തിച്ച് വെടിവയ്പ്പിനെത്തിയ കാർ പിടിച്ചെടുത്തിരുന്നു. പ്രതിയുടെ ഭർതൃപിതാവിന്റെ കാർ, ഭർതൃവീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. ഇത് വഞ്ചിയൂർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രതിയുടെ മൊബൈൽഫോൺ പിടിച്ചെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഓൺലൈനിൽ എയർഗൺ വാങ്ങിയതിന്റെയടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണിത്. കുറ്റകൃത്യം ചെയ്യാൻ പ്രതിയെ മറ്റാരും സഹായിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

കൊല്ലത്തെ മെഡിക്കൽ കോളേജിൽ പ്രതിയെ ഒന്നരമണിക്കൂർ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തുടക്കത്തിൽ എല്ലാം നിഷേധിച്ചു. വനിതാപൊലീസിനെ എത്തിച്ച് ചോദ്യംചെയ്യുമെന്നും എല്ലാവരും അറിയുമെന്നും പറഞ്ഞതോടെ പൊലീസിനോട് സംഭവം വിവരിച്ചു. ആരുടെയും സഹായമില്ലാതെ പട്ടാപ്പകൽ തലസ്ഥാന നഗരമദ്ധ്യത്തിൽ വെടിവയ്പ്പിനെത്തിയത് ഒരുവർഷത്തെ ആസൂത്രണത്തിനൊടുവിലാണെന്നും പ്രതി വെളിപ്പെടുത്തി.

സുഹൃത്തിനെ കാണാൻ മാലെദ്വീപിലും പോയി

വെടിയേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കാണാൻ പ്രതി ഒന്നരമാസം മുൻപ് മാലെദ്വീപിൽ പോയതായി പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ 3വർഷമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. തനിക്ക് ഈ സുഹൃത്ത് വിവാഹവാഗ്ദാനം നൽകിയിരുന്നതായും പ്രതി മൊഴിനൽകിയിട്ടുണ്ട്.

ഒരു സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലിനേടിയാണ് മാലെദ്വീപിലേക്ക് പോയത്. ഇടയ്ക്ക് രണ്ടുവട്ടം അവധിക്ക് നാട്ടിലെത്തിയപ്പോഴും പ്രതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതി മാലെദ്വീപിലെത്തി കണ്ടിട്ടും പഴയതുപോലെ അടുപ്പം തുടരാൻ സുഹൃത്ത് തയ്യാറായില്ല. പലവട്ടം സന്ദേശങ്ങൾ അയച്ചിട്ടും പ്രതികരിച്ചില്ല. ഇതോടെയാണ് ഭാര്യയെ വെടിവയ്ക്കാൻ പ്രതി തീരുമാനിച്ചത്. തന്നെ പാടേ അവഗണിച്ചതിന് തിരിച്ചടി നൽകുകയായിരുന്നു ലക്ഷ്യം.