കാട്ടാക്കട: സീരിയൽ പ്രവർത്തകരെ ആക്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിള്ളി ചെക്കാലവിളാകം വീട്ടിൽ ഹെൽമെറ്റ് അജീർ എന്ന അയിദുത്ത്(46), കിള്ളി മുക്കുവിളാകം വീട്ടിൽ ഷബീർ (41)എന്നിവരാണ് പിടിയിലായത്. കാട്ടാക്കടയിലെ സ്വകാര്യ ബാറിനു സമീപത്തെ തട്ടുകടയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സീരിയലിന്റെ അണിയറ പ്രവർത്തകർക്കു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സീരിയൽ എക്സിക്യുട്ടീവ് അരുണും മറ്റുള്ളവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഷൂട്ടിംഗിനിടെ തട്ടുകടയിൽ നിന്ന സീരിയൽ പ്രവർത്തകർക്കുനേരെ പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെ തട്ടിക്കയറുകയും അസഭ്യം പറയുകയും തുടർന്ന് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ശേഷം സ്ഥലത്ത് നിന്നുപോയ അജീർ കിള്ളി സ്വകാര്യ ആശുപത്രിക്കു സമീപം കാത്തുനിന്ന് കാറിലെത്തിയ സീരിയൽ സംഘത്തെ വീണ്ടും തടഞ്ഞു നിറുത്തി ആക്രമിച്ചു. സംഭവമറിഞ്ഞെത്തിയ കാട്ടാക്കട പൊലീസ് അക്രമികളെ പിടികൂടുകയായിരുന്നു. സീരിയൽ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. റോഡിൽ വച്ച് സീരിയൽ ചിത്രീകരണം നടത്തിയതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. ഇവരെ കോടതിയിൽ ഹാജരാക്കി.

ആംബുലൻസ് തകർത്തു
സംഭവത്തിൽ പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം മലയിൻകീഴ് മണിയറവിള ആശുപത്രിക്കു സമീപം നിറുത്തിയിട്ടിരുന്ന ആംബുലൻസ് സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തു. ഡ്രൈവർ ഇന്നലെ രാവിലെ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ആംബുലൻസ് ഡ്രൈവർ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.