p

യോഗവിദ്യയിൽ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും കൂടി മാർഗദർശിയെന്ന നിലയിൽ നിമിത്തപൂരുഷനാകാൻ നിയോഗം ലഭിച്ച തൈക്കാട് അയ്യാ ഗുരുവിന്റെ 115-ാമത് സമാധി വാർഷിക ദിനമാണ് ഇന്ന്.

ശാരീരികമായ യോഗസാധനകളെ ആത്മീയമായി ആവിഷ്കരിക്കുകയും,​ അവ വ്യാഖ്യാനിച്ച് ശിഷ്യഗണങ്ങളെ വാർത്തെടുക്കുകയും ചെയ്ത അദ്ദേഹം,​ വേദാന്ത പണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമ ഭക്തനുമായിരുന്ന മുത്തുക്കുമരന്റെയും രുഗ്മിണി അമ്മാളുടെയും മകനായി 1841-ൽ ചെന്നൈയിലാണ് ജനിച്ചത്. സുബ്ബരായർ എന്നായിരുന്നു യഥാർത്ഥ നാമം.

ബാല്യംതൊട്ടേ ആദ്ധ്യാത്മിക മാർഗത്തിൽ അതീവ തത്പരനായിരുന്ന സുബ്ബരായർ,​ മാണിക്യവാചർ എന്ന ശൈവയോഗിയുടെ ദർശനത്തിൽ ആകൃഷ്ടനാവുകയും,​ തമിഴിലുള്ള വേദഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്തു. ശൈവ സിദ്ധാന്തത്തോടായിരുന്നു അടുപ്പം. 1873- ലാണ് തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. ഔദ്യോഗിക ജീവിതത്തിൽ കണിശക്കാരനായിരുന്നെങ്കിലും ആത്മീയാഭിമുഖ്യമുള്ളവരെ യോഗമാർഗങ്ങൾ അഭ്യസിപ്പിച്ചു. ശിഷ്യരെ ഒരിക്കലും ശിഷ്യഭാവത്തിൽ കണ്ടിരുന്നില്ലെന്നതാണ് അയ്യാ സ്വാമികളുടെ മഹത്വം.

സനാതന ധർമ്മത്തിൽ അക്കാലത്ത് പ്രകടമായി കണ്ട ജാതികൃതമായ വൈകൃതങ്ങളെ ഇല്ലായ്മ ചെയ്യാൻ വിവിധ മത,​ ജാതിയിൽപ്പെട്ടവരുമായി പന്തിഭോജനം നടത്തിയ തൈക്കാട് അയ്യാഗുരുവും,​ വേദാധികാര നിരൂപണത്തിലൂടെ ചട്ടമ്പി സ്വാമികളും ക്ഷേത്ര പ്രതിഷ്ഠകളിലൂടെ ശ്രീനാരായണ ഗുരുവും ഉന്നമിട്ട ലക്ഷ്യം ഒന്നായിരുവെന്നു കാണാം. നിർണായക ഘട്ടങ്ങളിലെല്ലാം തനിക്കു മാർഗദർശിയായി വർത്തിച്ച തൈക്കാട് അയ്യാഗുരുവിനെ അയ്യങ്കാളിയും ഏറെ ആദരിച്ചിരുന്നു. 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായിരുന്ന അദ്ദേഹം ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ രാജാക്കന്മാരുടെ ഭരണകാലം പിന്നിട്ട് 1909-ൽ 96-ാം വയസിലാണ് ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിച്ചത്.

യോഗശാസ്ത്രമനുസരിച്ച്,​ സമാധിയടയുന്നതിന് ഏഴു ദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. തുടർന്ന് ഏഴാം ദിവസം,​ കൊല്ലവർഷം 1084 കർക്കടകത്തിലെ മകം നാളിൽ 'കർപ്പൂര ദീപാരാധന" എന്ന് അനുചരനോടു കല്പിച്ച ശേഷം പത്മാസനത്തിലിരുന്ന് ധ്യാനത്തിലാണ്ടു, ധ്യാനമുണർന്ന അയ്യാഗുരു താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുതിർന്ന ജ്യോതിസിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന് വടക്കു കിഴക്കരികിലെ സമാധിസ്ഥാനത്ത് 1943 ജൂണിൽ ചിത്തിര തിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തി.

(കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'തൈക്കാട് അയ്യാഗുരു" എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ : 90487 71080)