നടപ്പാത കാണാനാകാതെ കാട്
നേമം: കരമന - കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന റോഡിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്ന് പള്ളിച്ചൽ വരെയുള്ള വൺവേ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ചാക്കുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദേശീയപാതയിൽ വളരെ തിരക്കേറിയ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നുള്ള വൺവേ വളവിലാണ് ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടിടുന്നത്. ഇവിടെ കടകളും വീടുകളും കുറവായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന ധൈര്യത്തിലാണ് വാഹനങ്ങളിലും മറ്റും മാലിന്യം തള്ളുന്നത്.
കാട് മൂടിയ ഫുട്പാത്തിൽ
മൂക്ക് പൊത്തണം
പള്ളിച്ചൽ പഞ്ചായത്തിലെ 21, 22 വാർഡുകളാണ്. സ്ഥിരമായി മാലിന്യം കൊണ്ടിട്ട് അതുവഴി നാട്ടുകാർക്ക് നടക്കാനാകാത്ത സ്ഥിതിയാണ്. മാത്രവുമല്ല, ഇരുവശത്തുമുള്ള ഫുട്പാത്ത് കാടുമൂടിക്കിടക്കുകയാണ്. റോഡ് ഉദ്ഘാടനം കഴിഞ്ഞതോടെ പ്രഭാത സവാരിക്കാർ സ്ഥിരമായി ഉപയോഗിച്ചിരുന്ന നടപ്പാതയിലൂടെ ഇപ്പോൾ പാമ്പുകളെ ഭയന്ന് ആരും നടക്കാറില്ല. റോഡിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് പള്ളിച്ചൽ പഞ്ചായത്ത് അധികൃതർ വാഗ്ദ്ധാനം ചെയ്തിട്ട് ഇതുവരെ നടപ്പിലായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രാവച്ചമ്പലം ജംഗ്ഷനിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ സംവിധാനമില്ലെന്നതാണ് ഏറെ വിരോധാഭാസം. ഇതുകാരണം ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. മുൻപ് നേമം സ്റ്റേഷനിൽ നിന്ന് ഒരു പൊലീസുകാരനെ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിറുത്തലാക്കി.