ആറ്റിങ്ങൽ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 30 വർഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തട്ടത്തുമല സ്വദേശി ശിശുപാല(51)നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ.ബിജു ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

2015 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആദ്യ വിവാഹബന്ധം ഏർപ്പെടുത്തിയ ശേഷം കശുവണ്ടി ഫാക്ടറിയിൽ ജോലിനോക്കുമ്പോഴാണ് ശിശുപാലൻ യുവതിയുമായി പരിചയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് ലോഡ്‌ജിൽ വച്ച് പൂമാല അണിയിച്ച ശേഷം വിവാഹം കഴിഞ്ഞെന്ന് വിശ്വസിപ്പിച്ച് ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിലെ റൂം ബോയിയുടെ സഹായത്താൽ യുവതി രക്ഷപ്പെടുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. ഷാജിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.മുഹസിൻ ഹാജരായി.