തിരുവനന്തപുരം: സൈനികനായികുന്ന അച്ഛന് പ്രശംസാപത്രം നൽകി അനുമോദിച്ച് എൻ.സി.സി കേരള രണ്ടാം ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ്. പി.എസ്.സി കൾച്ചറൽ ഫോറം കാർഗിൽ ജയഭേരി എന്ന പേരിൽ സംഘടിപ്പിച്ച കാർഗിൽ വിജയ ദിവസ് ആഘോഷച്ചടങ്ങാണ് വൈകാരിക നിമിഷങ്ങൾക്ക് വേദിയായത്. ആനന്ദിന്റെ അമ്മ സുശീല പി.എസ്.സിയിലെ ഫുൾടൈം സ്വീപ്പറാണ്. ഇതിലൂടെയാണ് ആനന്ദിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
പി.എസ്.സിയിലെ മുൻ സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ ആദരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ക്ഷണം ലഭിച്ചാണ് അച്ഛൻ ജി.ചന്ദ്രശേഖരൻ എത്തിയത്. പേരുവിളിച്ചപ്പോൾ പഴയ ഹവിൽദാറായി മാർച്ച് ചെയ്താണ് ചന്ദ്രശേഖരൻ വേദിയിലേക്കെത്തിയത്. തുടർന്ന് മകനെ സല്യൂട്ട് ചെയ്തു. തിരികെ സല്യൂട്ട് നൽകിയ മകൻ, അച്ഛന് പ്രശംസാപത്രം കൈമാറി. കണ്ടുനിന്ന സുശീലയുൾപ്പെടുള്ളവരുടെ കണ്ണുനിറഞ്ഞു.
പി.എസ്.സിയിലെ സുരക്ഷ ഉദ്യോഗസ്ഥനും കാർഗിൽ യുദ്ധത്തിൽ സൈന്യത്തിന്റെ ഭാഗമായിരുന്ന നായിക്ക് ഷാനവാസ് ഖാൻ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു.
കമ്മിഷൻ അംഗങ്ങളായ അബ്ദുൽ സമദ്.വി.ടി.കെ, ഡോ. സി.കെ.ഷാജിബ്, ഡോ. ജിപ്‌സൺ പോൾ, കമ്മിഷൻ സെക്രട്ടറി സാജു, കൾച്ചറൽ ഫോറം പ്രസിഡന്റ് അനന്തകൃഷ്ണൻ.പി.ജി, സെക്രട്ടറി വിനാംസി ലോറൻസ് എന്നിവർ പങ്കെടുത്തു.