തിരുവനന്തപുരം: തലസ്ഥാനത്തെ വീട്ടിൽവച്ച് വനിതാഡോക്ടറുടെ വെടിയേറ്റ വീട്ടമ്മയുടെ ഭർത്താവിനെതിരെ മാനഭംഗത്തിന് കേസെടുത്തു. വെടിവച്ച വനിതാഡോക്ടറുടെ പരാതിയിലാണ് വീട്ടമ്മയുടെ ഭർത്താവായ സുജിത്തിനെതിരേ വഞ്ചിയൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കൊല്ലത്തെ ആശുപത്രിയിൽ പ്രവർത്തിക്കവേ അവിടത്തെ ക്വാർട്ടേഴ്സിൽ വച്ച് 2021 ആഗസ്റ്റിൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇതിനുശേഷം സുജിത്ത് സൗഹൃദം പെട്ടെന്ന് അവസാനിപ്പിച്ചു. സംഭവം പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതിനു മുൻപായതിനാൽ ഐ.പി.സി 376, 354 വകുപ്പുകൾ ചുമത്തിയാണ് കേസ്. ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഭംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സംഭവം നടന്നത് കൊല്ലത്തായതിനാൽ എഫ്.ഐ.ആർ കണ്ണനല്ലൂർ സ്റ്റേഷന് കൈമാറും. അറസ്റ്റും മറ്റ് കോടതി നടപടികളും അവിടെയാവും കൈക്കൊള്ളുക. എഫ്.ഐ.ആർ കൊല്ലത്തെ കോടതിയിൽ സമർപ്പിച്ചശേഷം, പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. കണ്ണനല്ലൂർ പൊലീസ് ഇവരുടെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികളെടുക്കുക. വീട്ടമ്മയെ വെടിവച്ച കേസിലെ നടപടികൾ വഞ്ചിയൂർ പൊലീസ് തുടരും.

വെടിവച്ചത് കൊല്ലാൻ

സുജിത്തിനോടുള്ള ദേഷ്യം തീർക്കാനാണ് ഭാര്യയെ വെടിവച്ചതെന്ന് ഡോക്ട‌ർ മൊഴിനൽകി. തനിക്ക് നേരിട്ട വിഷമതകൾ സുജിത്തിനെയും അറിയിക്കണമായിരുന്നു. കൊല്ലാനാണ് ശ്രമിച്ചത്. ഇതിനായി തുരുതുരാ വെടിവച്ചു. കൈകൊണ്ട് മുഖംമറച്ചതിനാൽ കൈയിൽ പെല്ലറ്റ് തുളച്ചുകയറി. വെടിവച്ച തോക്ക് കണ്ടെടുക്കാനും കൂടുതൽ തെളിവ് ശേഖരിക്കാനും ഡോക്ടറെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് വഞ്ചിയൂർ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.