കാട്ടാക്കട: മനോഹരക്കാഴ്ചകൾ ആസ്വദിക്കാനും സാഹസികരായ സഞ്ചാരികളെ വരവേൽക്കാനും കാട്ടാക്കട തൂങ്ങാംപാറയും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രദേശത്തെ തൂങ്ങാംപാറയെ ഗ്രാമീണ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ടൂറിസം സ്പോട്ടാക്കി മാറ്റുകയാണ്. തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞു. ഇനി എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ശ്രമം.

സാഹസിക വിനോദങ്ങൾ ഉൾപ്പെടുത്തി പ്രദേശത്തെ ടൂറിസം സ്പോട്ടായി വികസിപ്പിക്കാനുള്ള വിനോദ സഞ്ചാര വകുപ്പ് 99.99 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. പാറമുകളിൽ നിന്നുള്ള ആകാശക്കാഴ്ചയാണ് ഇവിടത്തെ പ്രത്യേകത. തൂക്കായ പാറയ്ക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി.

മനോഹാരിതമായ തൂങ്ങാംപാറ

കാട്ടാക്കട ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് തൂങ്ങാംപാറ. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്. വിനോദ സഞ്ചാരത്തോടൊപ്പം വിവിധ മേഖലകളെ ഒരുമിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിൽ സാദ്ധ്യതകളുൾപ്പെടെ ലക്ഷ്യമിട്ടാണ് പദ്ധതി.

പാറയുടെ മുകളിലേക്ക് കയറുവാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ, പാറ മുകളിൽ അതിർത്തി സംരക്ഷണഭിത്തി, സൂചനാഫലകങ്ങൾ, പാറ മുകളിലെ തുറസായ സ്‌റ്റേജ്, മഴവെള്ള സംഭരണം, ജലവിതരണം, വൈദ്യുതീകരണം, ഗോവണി, ലാൻഡ് സ്കേപ്പിംഗ് എന്നിവയുണ്ടാകും. രണ്ടാംഘട്ടത്തിൽ പ്രദേശത്തെ കുളം നവീകരിക്കൽ, സാഹസിക വിനോദമായ റോപ്പ് ക്ലൈമ്പിംഗ് ഉൾപ്പടെയുള്ളവയും പൂർത്തിയാക്കും.

അവസരങ്ങൾ
പ്രദേശത്തെ ഓട്ടോ/ ടാക്ഷി തൊഴിലാളികൾക്ക് തൂങ്ങാംപാറ ഇക്കോടൂറിസത്തിൽ ഒരുക്കുന്ന കുടിലുകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്തിന് കമ്മീഷൻ വ്യവസ്ഥയിൽ വരുമാനത്തിന് അവസരമുണ്ടാകും. താമസക്കാർക്ക് പരിരക്ഷയും സൗകര്യങ്ങളും ഒരുക്കി വരുമാനം ഉണ്ടാക്കാൻ പ്രദേശവാസികൾക്കും അവസരമുണ്ടാകും. കുടംബശ്രീ യൂണിറ്റുകൾക്കും, പ്രദേശത്തുകാർക്കും ഉത്പന്നങ്ങൾ വിൽക്കാനും സൗകര്യം ഉണ്ടാകും. തദ്ദേശവാസികളായ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇതര വരുമാനം ലഭിക്കത്തക്കവിധം ഇക്കോ ഗൈഡുകളായി പ്രവർത്തിക്കാനുള്ള അവസരവും ഈ പദ്ധതി ഒരുക്കും.