കാട്ടാക്കട: തലസ്ഥാന ജില്ലയിലെ മലയോര മേഖലകളായ അമ്പൂരി, ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിൽ വ്യാപക പാറ പൊട്ടിക്കലെന്ന് പരാതി. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പാറ പൊട്ടിക്കുന്നത്. ആര്യനാട് പഞ്ചായത്തിലെ ശംഭുതാങ്ങിയിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പാറ പൊട്ടിക്കൽ ഏറ്റവും കൂടുതലായി നടക്കുന്നത്. ഈ ഭാഗം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലമാണ്. പാറ പൊട്ടിക്കുന്നത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയും ഉയർത്തുന്നുണ്ട്. ആര്യനാട് പഞ്ചായത്തിലെ ഒമ്പത് ഹെക്ടറിലും കുറ്റിച്ചലിൽ 28 ഹെക്ടറിലും കള്ളിക്കാട്ട് രണ്ട് ഹെക്ടർ പ്രദേശത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്.
പൊട്ടിച്ച പാറയുമായി കുറ്റിച്ചൽ പഞ്ചായത്തിലൂടെയാണ് കൂറ്റൻ ലോറികൾ പോകുന്നത്. ഭാരലോറികൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്കൂൾ സമയത്തു പോലും അപകടഭീഷണി ഉയർത്തിയാണ് ലോറികളുടെ യാത്ര. ഇതിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. പാറയുമായി പോകുന്ന ലോറികളുടെ ഭാരം കാരണം റോഡ് തകരുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ പാറ പൊട്ടിക്കൽ അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.