നെടുമങ്ങാട്: വയനാട് ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ആകുലതയിലാണ് നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ മലയോരവാസികൾ. മങ്കയം, ബ്രൈമൂർ,പൊന്മുടി,ബോണക്കാട് മേഖലകളിൽ മുൻപുണ്ടായ ഉരുൾപൊട്ടലിന്റെ ആശങ്ക ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. 1992ൽ വരയാട് മൊട്ടയിലാണ് ഒടുവിൽ ഉരുൾപൊട്ടിയത്. രണ്ടു ദിവസം മഴ കനത്താൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പതിവാണ്.

മലയോര താലൂക്കുകളിൽ കർശന നിരീക്ഷണവും ജാഗ്രതയും പുലർത്താനാണ് ദുരന്തനിവാരണ അതോറിട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള വില്ലേജുകളിൽ അടിയന്തര സുരക്ഷ പ്രവർത്തനങ്ങൾക്കാവശ്യമായ തുക റവന്യു വിഭാഗം അനുവദിച്ചു.ഇത്തരം വില്ലേജുകളുടെ വിവരം ജില്ലാ ദുരന്ത ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തി. ജലസംഭരണികളുടെ താഴ്വാരത്ത് നദിയോരങ്ങളിൽ താമസിക്കുന്നവരെ ഷട്ടർ തുറക്കുന്ന വേളകളിൽ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും നടപടിയായി.

ആശുപത്രികൾ,വിദ്യാലയങ്ങൾ മറ്റു പ്രധാന കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷിതത്വം തദ്ദേശ എൻജിനിയറിംഗ് വിഭാഗത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയാണ്. സ്‌കൂൾ കെട്ടിടങ്ങൾ അദ്ധ്യയനം നടത്താൻ യോഗ്യമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശവും നൽകിയിട്ടുണ്ട്.

ജോലി തകൃതിയിൽ

തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, വനം-റേഞ്ച് ഓഫീസർ എന്നിവരുൾപ്പെട്ട സമിതിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.സമിതിയുടെ ശുപാർശയ്ക്ക് വിധേയമായി അടിയന്തരമായി മുറിക്കേണ്ട മരങ്ങളും മറച്ചില്ലകളും മുറിക്കുന്ന ജോലികൾ നടന്നുവരികയാണ്.സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങൾ സ്വയം മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്. അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാകും. താലൂക്ക് സപ്ലൈ ഓഫീസർമാർ മുഖാന്തരം അരി, എണ്ണ, മണ്ണെണ്ണ എന്നിവ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനായി സൂക്ഷിക്കുന്നുണ്ട്.

അപകട സൂചനാ ബോർഡുകളെവിടെ!

റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി അപകട സൂചനാബോർഡുകൾ സ്ഥാപിക്കാൻ നടപടിയായില്ല. നദിക്കടവുകളിലും അപകടകരമായ കയങ്ങളുള്ള ഭാഗങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

വഴിയരികിലും കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങുന്നവർക്ക് ആഹാരവും താമസ സൗകര്യവും ഉറപ്പാക്കാൻ സാമൂഹ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശവും നടപ്പിലായില്ല.

ഡാമുകളിൽ ജലം തുറന്നുവിടുന്നതിന് 24 മണിക്കൂർ മുൻപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നാണെങ്കിലും കൃത്യസമയത്താണ് അറിയിപ്പ് ലഭിക്കുന്നത്. പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും മുള്ളുവേലി സ്ഥാപിക്കുകയോ മതിൽകെട്ടി സംരക്ഷിക്കുകയോ വേണമെന്ന നിർദേശവും പാഴായി.