തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദുഷ്‌പ്രചാരണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയ്ക്കെതിരെയും ​കൊക്ക്, കാക്ക, കുയിൽ എന്ന എക്‌സ് ഐ.ഡി ഉടമയ്‌ക്കെതിരെയും ഫേസ്ബുക്കിലെ 'പ്രമോദ് കൊല്ലം' എന്ന അക്കൗണ്ട് ഉടമയ്‌ക്കെതിരെയുമാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ്, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പ് എന്നിവയാണ് ചുമത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ തുടർന്നും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


അതേസമയം,​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്‌തെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആരോപിക്കുന്നു.