aslim

മലയിൻകീഴ്: തിരുവല്ലയിലെ സ്‌കൂളിലെ വിദ്യാർത്ഥികളെ കലോത്സവത്തിനായി മാപ്പിളപ്പാട്ട് പരിശീലിപ്പിച്ച ശേഷം തിരികെ കോഴിക്കോട് എത്തിയപ്പോഴാണ് കനത്ത മഴയിൽ തങ്ങളുടെ വീടിരിക്കുന്ന പ്രദേശം വെള്ളത്തിലായത് കോഴിക്കോട് മാവൂർ കോശാല പറമ്പിൽ അസ്ലമും (39)​,​ ഭാര്യ സലീന (29)​യും അറിഞ്ഞത്. മകളെയും ഉമ്മയേയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുകയെന്ന വഴിയേ ഇവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അങ്ങനെ നിൽക്കുമ്പോഴാണ് കവിയരങ്ങിൽ വച്ച് പരിചയപ്പെട്ട മലയിൻകീഴ് സ്വദേശിയും കവിയുമായ ഷെല്ലിയുടെ മൊബൈൽ സ്റ്റാറ്റസ് കണ്ടത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് മലയിൻകീഴ് പഞ്ചായത്ത് അഭയം നൽകുമെന്നായിരുന്നു സ്റ്രാറ്റസിൽ. ഇതോടെ അസ്ലം ഷെല്ലിയെ വിളിച്ചു.

ധൈര്യമായി പോന്നോളൂവെന്നും തന്റെ വീട്ടിൽ താമസിക്കാമെന്നും ഷെല്ലി പറഞ്ഞു. തുടർന്ന് സലീനയുടെ ഉമ്മയെ പയ്യോളിയിലെ കുടുംബവീട്ടിലാക്കിയ ശേഷം ബുധനാഴ്ച അസ്ലമും സലീനയും മകൾ അംന ഷെറീഫിനും (9)​ ഒപ്പം മലയിൻകീഴിലേക്ക് വണ്ടികയറി. ഇവിടെയെത്തിയ മൂവരെയും പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,സെക്രട്ടറി ബിന്ദുരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവരമറിഞ്ഞെത്തിയ ഐ.ബി.സതീഷ് എം.എൽ.എ ഇവരുമായി സംസാരിച്ചു. എല്ലാവിധ സൗകര്യങ്ങളും നൽകുമെന്നും ഉറപ്പുനൽകി. കോഴിക്കോട്ടെ വെള്ളക്കെട്ട് ദുരിതം തീരുന്നതുവരെ കുടുംബം മലയിൻകീഴിൽ താമസിക്കും.