crime

തിരുവനന്തപുരം: ക്ഷേത്രദർശനത്തിനെന്ന പേരിൽ നഗരത്തിലെത്തി മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന് നിരവധി മോഷണം നടത്തിയ കാമുകിയും കാമുകനും പിടിയിൽ.കർണാടക ബാംഗ്ലൂർ ഇലഹങ്ക സ്വദേശി പ്രകാശ്(31),ഇയാളുടെ കാമുകി പശ്ചിമ ബംഗാൾ സ്വദേശി ശാശ്വതി പത്ര (22) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പദ്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് ഇവർ തമ്പാനൂർ സ്റ്റേഷൻ പരിധിയിലെ പാർത്ഥാസ് ടെക്സ്‌റ്റെയിൽസിന് സമീപമുള്ള ന്യൂറോൺ സ്റ്റിച്ചിംഗ് സെന്റർ ജീവനക്കാരന്റെ സ്കൂട്ടർ മോഷ്ടിച്ച് അതിൽ കറങ്ങിയായിരുന്നു മറ്റു മോഷണങ്ങൾ നടത്തിയത്.


കരമന സ്റ്റേഷൻ പരിധിയിലെ മൈജി ഷോറൂമിൽ നിന്ന് ഒരു സി.സി ടിവി ക്യാമറ മോഷ്ടിച്ചു,ക്യൂ.ആർ.എസിന്റെ ഷോറൂമിൽ കയറിയെങ്കിലും ഒന്നും കവർന്നില്ല.പിന്നീട് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ മാളിൽ നിന്ന് ടാബ് മോഷ്ടിച്ചു.ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ 1,10,000 രൂപ വിലവരുന്ന സാംസങ് മൊബൈൽ ഫോൺ,ക്യാമറയുള്ള എഫ്.എം റേഡിയോ,വിലപിടിപ്പുള്ള ബ്ലാക്ക് മെറ്റൽ ഡിസൈൻ സാധനങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതെല്ലാം മോഷ്ടിച്ചതാണെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.

പ്രകാശ് ബാംഗ്ലൂരിൽ എം.ബി.എയ്ക്കും ശാശ്വതി പത്ര ബി.ആർക്കിനും പഠിക്കുകയാണ്.രണ്ടുദിവസം മുൻപാണ് ഇവർ നഗരത്തിൽ ട്രെയിനിറങ്ങിയത്.തമ്പാനൂർ എസ്.എച്ച്.ഒ ശ്രീകുമാർ വി.എം,എസ്.ഐ വിനോദ്,സജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.കോടതി പ്രതികളെ റിമാൻഡ് ചെയ്തു.