തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് രാത്രി 10 മുതൽ നാളെ ഉച്ചയ്ക്ക് 12വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ.പി സ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തും വാഹനഗതാഗതവും പാർക്കിംഗും നിയന്ത്രിക്കും. കുമരിച്ചന്ത-കോവളം ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട്ഓവർ ബ്രിഡ്ജ് ജംഗ്ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ 'യു'ടേൺ വരെയും വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സർവീസ് റോഡിലും പരശുരാമക്ഷേത്ര റോഡ്, ബി.എൻ.വി സ്‌കൂൾ വരെയുള്ള റോഡ്, എൽ.പി സ്‌കൂൾ ജംഗ്ഷൻ മുതൽ സ്റ്റുഡിയോ ജംഗ്ഷൻ വരെയുള്ള റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല.


 വിഴിഞ്ഞം ഭാഗത്തു നിന്ന് തിരുവല്ലം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്/ ഹെവിവാഹനങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്ന് ബാലരാമപുരം ഭാഗത്തേക്ക് തിരിഞ്ഞുപോകണം. തിരുവല്ലം ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല.

 ചാക്ക ഭാഗത്തു നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കൽ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര കിള്ളിപ്പാലം പാപ്പനംകോട് ഭാഗത്തേക്ക് പോകണം.

 കരുമം ഭാഗത്തു നിന്ന് തിരുവല്ലം ക്ഷേത്രം ജംഗ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം എൽ.പി.എസ് ജംഗ്ഷനിലെത്തി തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്ക് പോകണം.ബി.എൻ.വി സ്‌കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്കുമാത്രം ഗതാഗതം അനുവദിക്കും.

 വണ്ടിത്തടം ഭാഗത്തു നിന്ന് തിരുവല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വാഴമുട്ടം ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേക്ക് പോകണം.

 നാലുചക്ര വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിനു സമീപം സർവീസ് റോഡിലെ ഗ്രൗണ്ടുകളിലും ബി.എൻ.വി സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കുമരിച്ചന്ത മുതൽ തിരുവല്ലം ഫുട്ഓവർ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപ്പാസ് റോഡിൽ ഇടതുവശത്തും തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ വാഴമുട്ടം ബൈപ്പാസ് റോഡിന്റെ ഇടതുവശത്തും പാർക്ക് ചെയ്യാം.

 ഇരുചക്ര വാഹനങ്ങൾ വേങ്കറ ക്ഷേത്രം സർവീസ് റോഡിലുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.തിരുവല്ലം ഹൈവേയിലെ 'യു' ടേൺ മുതൽ ടോൾഗേറ്റ് വരെ സർവീസ് റോഡിൽ ഇടതുവശത്തും, സ്റ്റുഡിയോ ജംഗ്ഷൻ മുതൽ പാച്ചല്ലൂർ മാസ്‌ക് വരെയുള്ള റോഡിന്റെ ഒരുവശം മാത്രമായും, ബി.എൻ.വി സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാനാകും.

 വാഹനങ്ങളിൽ ഡ്രൈവറുടെ ഫോൺ നമ്പർ പുറമെ കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണം.