വിതുര: ചെറ്റച്ചൽ പഞ്ചായത്ത് എന്ന സ്വപ്നം ഇന്നും കടലാസിലുറങ്ങുന്നു. ചെറ്റച്ചൽ നിവാസികളുടെ പ്രക്ഷോഭങ്ങളും നിവേദനവും ഫലം കാണുന്നില്ല. വിതുര,തൊളിക്കോട് പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ഇതുവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല.നേരത്തെ വിതുര പഞ്ചായത്തിനെ വിഭജിച്ച് തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ ജനസംഖ്യയും വാർഡുകളുടെ എണ്ണവും കൂടിയിട്ടും പുതിയ പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ചെറ്റച്ചൽ മൊട്ടമൂട് സ്വദേശിയായ തങ്കപ്പൻനായർ സർക്കാരിന് 40 വർഷങ്ങൾക്കു മുൻപ് നൽകിയ നിവേദനത്തിൽ ബന്ധപ്പെട്ടവർ വിശദമായി പരിശോധിച്ച് പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് അനുവദിക്കാൻ ധാരണയായെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു.
മടത്തറ പഞ്ചായത്ത്
പാതിവഴിയിൽ
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചിതറ പഞ്ചായത്തിനെ വിഭജിച്ച് മടത്തറ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് അനുവദിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടത്തറ കേന്ദ്രമാക്കി പഞ്ചായത്ത് ഓഫീസിനുള്ള നടപടിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.എന്നാൽ ചില തടസങ്ങളാൽ പാതിവഴിയിൽ നിലച്ചു.
നിലവിലെ വാർഡുകൾ..
തൊളിക്കോട് പഞ്ചായത്ത് - 16
വിതുര പഞ്ചായത്ത് - 17
നന്ദിയോട് പഞ്ചായത്ത് - 18
പെരിങ്ങമ്മല പഞ്ചായത്ത് - 19
ഒാരോ വാർഡ് കൂടും
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കയാണ്.വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ ഒാരോ വാർഡ് കൂടി കൂട്ടാൻ തീരുമാനമായിട്ടുണ്ട്.ചില പഞ്ചായത്തിൽ രണ്ട് വാർഡുകൾ കൂടി രൂപീകരിക്കാനും സാദ്ധ്യതയുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു.
സ്വന്തം പഞ്ചായത്തിൽ എത്താൻ
മൂന്ന് പഞ്ചായത്ത് താണ്ടണം
പെരിങ്ങമ്മല പഞ്ചായത്തിലെ പൊൻമുടി വാർഡ് മെമ്പർക്കും,വാർഡിൽ താമസിക്കുന്നവർക്കും സ്വന്തം പഞ്ചായത്ത് ഒാഫീസിൽ എത്തണമെങ്കിൽ മൂന്ന് പഞ്ചായത്തിലൂടെ 22 കിലോമീറ്റർ സഞ്ചരിക്കണം. പൊൻമുടിയിൽ നിന്ന് കല്ലാർ വഴി വിതുര പഞ്ചായത്തിലെത്തി, തൊളിക്കോട് നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങൾ പിന്നിട്ട് പാലോട് വഴിയാണ് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിൽ എത്തേണ്ടത്.ജില്ലയിൽ വിസ്തൃതി കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ് പെരിങ്ങമ്മല.കൊല്ലം,തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ അരിപ്പൽ നിന്നാണ് പഞ്ചായത്തിന്റെ തുടക്കം. ദൂരം കണക്കിലെടുത്ത് പൊൻമുടി വാർഡിനെ വിതുര പഞ്ചായത്തിൽ ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല പെരിങ്ങമ്മല പഞ്ചായത്തിനെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.