വിതുര: ഇംഗ്ളീഷ് ഭാഷാപഠനം ആകർഷകവും സർഗാത്മകവുമാക്കുകയെന്ന ലക്ഷ്യത്തോടെ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ 'ദ സ്‌നെയ്‌ക്ക് ആൻഡ്‌ ദ മിറർ' എന്ന ചെറുകഥയ്ക്ക് എ.ഐ ദൃശ്യാവിഷ്‌കാരം ഒരുക്കി വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കിയ ശേഷം പാഠഭാഗത്തെ അർത്ഥവത്തായ വിവിധ സെഷനുകളായി തിരിച്ചാണ് പൂർണമായും എ.ഐ.സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചത്. ഓരോ ഗ്രൂപ്പും അവർക്കു ലഭിച്ച പാഠ ഭാഗത്തിന്റെ സത്തയും സവിശേഷതകളും ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് പ്രോംറ്റുകൾ തയ്യാറാക്കി. അനുവാദിനി,​ മെറ്റ എ.ഐ, ജെമിനി, ബിംഗ് എ.ഐ തുടങ്ങിയ ആപ്പുകളാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചത്. വിദ്യാർത്ഥികൾ തയ്യാറാക്കിയ എ.ഐ.ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി "ടെക് ടെയിൽസ് ഒഫ് ബഷീർ" എന്ന പേരിൽ പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിക്കും. ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് നൂതന പഠന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത്. ഇംഗ്ലീഷ് അദ്ധ്യാപകനും കമ്മ്യൂണിറ്റി പൊലീസ് ഓഫീസറുമായ കെ.അൻവറാണ് നേതൃത്വം നൽകിയത്.