photo

തിരുവനന്തപുരം: ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ ഖാദി ബോർഡിനു സമീപത്തെ മാൻഹോളിലൂടെ മലിനജലം റോഡിലേക്ക് ഒഴുകിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. മാൻഹോളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡ്രെയിനേജ് പൈപ്പ് ലൈനിലേക്ക് വെള്ളം ഒഴുകേണ്ട ഓട ശക്തമായ മഴയെ തുടർന്ന് നിറഞ്ഞ് വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അടുത്തിടെയാണ് റോഡ് ടാറിട്ടത്. മാൻഹോളുകളിൽ നിന്ന് പുറത്തുവരുന്ന മലിനജലം വഞ്ചിയൂർ ജംഗ്ഷന് സമീപത്തായി കെട്ടിക്കിടക്കുകയാണ്. ദുർഗന്ധവും കൊതുകുകൾ പെരുകാനും ഇത് ഇടയാക്കുന്നുണ്ട്.

 ഓടനിർമ്മാണത്തിൽ അപാകതയെന്ന്
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോൺവെന്റ് റോഡിൽ ഓട നിർമ്മിച്ചത് അശാസ്ത്രീയമായാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നല്ല വീതിയുണ്ടായിരുന്ന ഓട വഞ്ചിയൂർ ജംഗ്ഷൻ എത്തുമ്പോൾ കുപ്പിക്കഴുത്ത് പോലെയാണ്. വീതി കുറവായതിനാൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും മലിനജലം റോഡിലേക്കും സമീപത്തെ കടകളിലേക്കും കയറുന്നുണ്ട്. സ്ളാബ് ഇല്ലാത്തതിനാൽ കടകളിലെത്തുന്നവർ ഓടയിൽ വീണതിനെ തുടർന്ന് അപകടം ഒഴിവാക്കാനായി ഓടയുടെ മുകളിൽ വീപ്പ സ്ഥാപിച്ചിരിക്കുകയാണ് കച്ചവടക്കാർ.

പകർച്ചവ്യാധി ഭീഷണിയും
സെപ്ടിക് ടാങ്കിലെ മാലിന്യങ്ങൾ ഡ്രെയിനേജ് ലൈനിലേക്ക് പോകാതെ വീടുകൾക്ക് സമീപത്തായി കെട്ടിക്കിടക്കുന്നത് കാരണം രൂക്ഷമായ ദുർഗന്ധമാണിവിടെ. കൂത്താടികളും കൊതുകും പെരുകുകയാണ്. ഓടയ്ക്കും മതിലിനും ഇടയിലായി മലിനജലം കെട്ടിനിൽക്കുന്നത് കൊതുകും മറ്റും പെരുകി പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.

ദുർഗന്ധം കാരണം ദിവസവും കീടനാശിനികളും ബ്ളീച്ചിംഗ് പൗഡറും ഇടേണ്ട അവസ്ഥയാണ്

- വ്യാപാരി