1

പൂവാർ: ഇരുട്ടിന്റെ മറവിൽ പൂവാറിലെ വിവിധ മേഖലകളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

അരുമാനൂർ വാർഡിലെ കൈപ്പൂരിയിൽ റോഡരികിൽ ആളൊഴിഞ്ഞ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം ഉപേക്ഷിച്ചത്.

ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും ലോറിയുമായി കടന്നുകളഞ്ഞു. ഉടനെ ഗ്രാമപഞ്ചായത്തിനും പൊലീസിനും പരാതി നൽകി.

അരുമാനൂരിനും പൂവാറിനും ഇടയിൽ ജനവാസം കുറഞ്ഞ മേഖലയാണ് കൈപ്പൂരി.കാലങ്ങളായി

ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണ്. തെരുവുനായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഇടത്താവളമാണിവിടം.

മാസങ്ങൾക്കു മുമ്പ് തിരുപുറം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രദേശം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.പ്രദേശത്തെ തണ്ണീർത്തടം മുഴുവൻ മാലിന്യമാണ്. പകലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇറച്ചി മാലിന്യങ്ങളുൾപ്പടെ തള്ളുന്നത് പതിവായിരിക്കുകയാണ്.

മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ

വർഷങ്ങൾക്കു മുമ്പ്

വർഷങ്ങൾക്കു മുമ്പ് മാലിന്യനിക്ഷേപം രൂക്ഷമായതോടെ പൂവാർ പാലം ഭാഗത്ത് രാത്രി കാലങ്ങളിൽ ലൈറ്റുകളും സി.സി.ടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് പ്രത്യേക ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാന്ന് നടപ്പാക്കിയത്.
തെരുവുനായ്ക്കളുടെയും പേപ്പട്ടിയുടെയും ശല്യം വർദ്ധിക്കാൻ കാരണം അനധികൃത മാലിന്യ നിക്ഷേപമാണെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിരുന്നു.

വീണ്ടും മാലിന്യ നിക്ഷേപം

മാലിന്യനിക്ഷേപം വീണ്ടും വ്യാപകമായിരിക്കുകയാണ്. പകൽനേരങ്ങളിലാണ് ബീച്ചിലും മറ്റിടങ്ങളിലും മിനിലോറിയിലും ഗുഡ്സ് ഓട്ടോയിലും ഇറച്ചിവേസ്റ്റുകൾ കൊണ്ടുവന്നിടുന്നത്. പൂവാർ ചെക്കടിയിലെ ഒരു വീട്ടിലെ കക്കൂസ് മാലിന്യം കല്ലിംഗവിളാകത്തെ ഓടയിൽ കൊണ്ടിട്ട് കടന്നുകളഞ്ഞ തമിഴ്‌നാട് സംഘത്തെ പൂവാർ പൊലീസ് പിടികൂടിയത് മാസങ്ങൾക്ക് മുമ്പാണ്. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം രാത്രിയിൽ റോഡരികിലെ ഓടയിൽ നിക്ഷേപിച്ച് കടന്നു കളയുകയായിരുന്നു.