k
എക്സ്‌പ്ലോർ ലോഗോ

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം, ഓടിയ റൂട്ടുകൾ, വിറ്റ ടിക്കറ്റുകൾ, വരുമാനം, തിരക്കുള്ള സമയമേത്... തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി നിവേദ് പ്രിയദർശൻ വികസിപ്പിച്ച 'എക്സ്‌പ്ലോർ' ആപ്പിലെ ഒറ്റ ക്ലിക്കിൽ ഇതെല്ലാം ബസുടമകൾക്ക് ലഭിക്കും. കണ്ടക്ടർമാർക്ക് പണം വെട്ടിക്കാനാവില്ല. വരുംമാസങ്ങളിലെ വരുമാനവും പ്രവചിക്കും. സ്വകാര്യ ബസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ആപ്പ് വികസിപ്പിച്ചത്.

തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ 150ലേറെ സ്വകാര്യ ബസുകൾ ആപ്പ് ഉപയോഗിക്കുന്നു. ടിക്കറ്റ് പ്രിന്റ് ചെയ്യാൻ ആൻഡ്രോയ്ഡ് മെഷീനും വികസിപ്പിച്ചു. ഏപ്രിലിൽ ആരംഭിച്ച ആപ്പ് വഴി ഇതിനകം 20 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്രു. ബസുകൾക്ക് 20% വരെ ലാഭം കൂടിയെന്നും നിവേദ് പറയുന്നു.

ഒരിക്കൽ തൃശൂരിൽ പോയപ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടർ പണം കൊടുത്തിട്ടും ടിക്കറ്റ് നൽകിയില്ല. ചോദിച്ചപ്പോൾ കേട്ടഭാവമില്ല. പിന്നീട് പലയിടങ്ങളിലും ഇതാവർത്തിച്ചു. ഇതാണ് ആപ്പ് വികസിപ്പിക്കാൻ നിവേദിന് പ്രേരണയായത്. 2020ൽ മാർ ബസേലിയോസ് കോളേജിൽ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരിക്കെയാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. അച്ഛൻ ബിജു, അമ്മ റീനാ.കെ.റസൽ.

ഏതു നേരത്തും

വിവരങ്ങളറിയാം

പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. ബസുടമ അക്കൗണ്ട് തുടങ്ങണം. ബസിന്റെ പേര്, ഓടുന്ന റൂട്ട്, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ നൽകണം. യാത്രക്കാർക്ക് ആപ്പുമായി ബന്ധിപ്പിച്ച മെഷീൻവഴി ടിക്കറ്റ് നൽകണം. ബസുടമയ്ക്ക് ആപ്പിലൂടെ ഏതുനേരത്തും വിവരങ്ങളറിയാം.

യാത്രക്കാ‌ർക്കും ആപ്പ്

യാത്രക്കാർക്ക് ബസിലെ തിരക്ക്,​ എപ്പോൾ സ്റ്റോപ്പിലെത്തും തുടങ്ങിയ വിവരങ്ങൾ നൽകുന്ന ആപ്പ് ഈ മാസം പുറത്തിറക്കും. കെ.എസ്.ആർ.ടി.സിയുമായും കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുമായും ചർച്ചകൾ നടക്കുന്നുണ്ട്. മലപ്പുറത്ത് 800ഉം, തൃശൂരിൽ 400ഉം സ്വകാര്യബസുകളിലും ഉടൻ ആപ്പ് ലോഞ്ച് ചെയ്യും.