വിതുര: മലയോരമേഖലയിൽ ക്ഷേത്രകമ്മിറ്റികളുടേയും, വിവിധ ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ പിതൃതർപ്പണ ചടങ്ങുകളിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. വിതുര താവയ്ക്കൽ നദിയിൽ നൂറുകണക്കിന് പേർ ബലിയിട്ടു. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ബലിതർപ്പണത്തിന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നേതൃത്വം നൽകി. പുളിച്ചാമല കുളമാൻകോട് ശ്രീമഹാദേവ ശ്രീദേവീക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി നേതൃത്വം നൽകി. പനയ്‌ക്കോട് കണിയാരംകോട് ശ്രീആയിരവില്ലി മഠത്തിലെ ബലിതർപ്പണത്തിന് മഠം തന്ത്രി നേതൃത്വം നൽകി. ആനപ്പാറ വാളേങ്കി ശ്രീആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ തന്ത്രി ആലപ്പുഴ രഞ്ജിത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണം നടന്നത്.

വാമനപുരം നദിയിൽ പൊന്നാംചുണ്ട് കടവിൽ സേവാഭാരതിയുടെയും വിവേകാനന്ദ സമിതിയുടേയും നേതൃത്വത്തിലായിരുന്നു ബലിതർപ്പണം. തെന്നൂർ നരിക്കല്ല് ശ്രീആയിരവില്ലി ക്ഷേത്രം,​ ചെറ്റച്ചൽ പൊട്ടൻചിറ ശ്രീധർമ്മശാസ്താ പരശുരാമ ക്ഷേത്രം,​ പനയ്‌ക്കോട് പുള്ളിക്കോണം ക്ഷേത്രം,​ ഇറവൂർ വലിയകളം ശ്രീദുർഗാ ഭഗവതി ക്ഷേത്രം, പറണ്ടോട് നാലാംകല്ല് ചമ്പോട്ടുപാറ പടുകുളം പെരുമാൾമുത്തൻ തമ്പുരാൻ ക്ഷേത്രം, പറണ്ടോട് ബൗണ്ടർമുക്ക് നെല്ലിമൂട് ശ്രീനരസിംഹമൂർത്തി ശ്രീതമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിലും നൂറുകണക്കിന് പേർ ബലിയിട്ടു. കല്ലാർ, ആനപ്പാറ, കടവുകളിലും ധാരാളം പേർ ബലിയിടാനെത്തി. ചെറ്റച്ചൽ മേലാംകോട് ദേവീക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം നദിയിൽ സൂര്യകാന്തി കടവിൽനടന്ന ബലിതർപ്പണചടങ്ങുകൾക്ക് മേൽശാന്തി സരീഷ്‌പോറ്റി കാർമ്മികനായി. ബലിതർപ്പണചടങ്ങുകൾക്ക് വിതുര സി.ഐ പ്രദീപ്കുമാർ, എസ്.ഐ മുഹ്സിൻമുഹമ്മദ്,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് എന്നിവർ മേൽനോട്ടം വഹിച്ചു.