തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിൽ ശാസ്ത്ര തത്പരർക്കും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കും പഠനം വിലക്കിയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവും, തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇടപെട്ട് പിൻവലിപ്പിച്ചതും നൽകുന്നത് ചില ഒതുക്കിവയ്ക്കലുകളുടെ സൂചനകൾ.
കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുകൾ കേരളം ഗൗരവത്തിലെടുത്തില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ആരോപിക്കുകയും, അതിന് മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ട് മറുപടി നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഈ ആശയക്കുഴപ്പം. ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെ അറിവില്ലാതെ ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പ്. ദുരന്ത ഘട്ടങ്ങളിൽ സാങ്കേതികമായ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കേണ്ട അതോറിറ്റി , മാദ്ധ്യമങ്ങളോടുൾപ്പെടെ മുഖം തിരിക്കുന്നതായും ആക്ഷേപമുണ്ട്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രാധാന്യം നൽകുന്നത്. ദുരന്തപ്രതിരോധത്തിനുള്ള കൂടുതൽ സംവിധാനങ്ങളിലേക്ക് കടന്നിട്ടില്ല. അതോറിറ്റിയിൽ വേണ്ടത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമല്ല.
അപ്രതീക്ഷിതമായി ഇത്രയും ശക്തമായ ഉരുൾപൊട്ടലുണ്ടായപ്പോൾ അതിന്റെ സൂക്ഷ്മാംശങ്ങൾ പഠിക്കാൻ ശാസ്ത്രമേഖലയിലെ വിദഗ്ദ്ധരും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങുക സ്വാഭാവികമാണ്. ഇങ്ങനെ പഠനതാത്പര്യം കാട്ടുന്നവർ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണമെന്ന് നിഷ്കർഷിച്ചതിലാണ് ദുരൂഹത. വയനാട് ദുരന്തത്തിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ മാദ്ധ്യമങ്ങളടക്കമുള്ളവരോട് ആശയവിനിമയം നടത്താൻ അതോറിറ്റി അധികൃതർ താത്പര്യം കാട്ടിയിരുന്നുമില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പഠനം വിലക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ് വിവാദമായതോടെയാണ് ശാസ്ത്രജ്ഞരെ പ്രദേശത്ത് വിലക്കുന്ന സമീപനം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.