photo

തിരുവനന്തപുരം: മലയാളത്തിന്റെ തുളസീദാസ്. പ്രൊഫ. സി.ജി. രാജഗോപാലെന്ന പ്രതിഭയുടെ മാറ്റുകൂട്ടുന്ന വിശേഷണം. അദ്ദേഹത്തിന്റെ കവിഹൃദയത്തിൽ നിന്നാണ് തുളസീദാസിന്റെ 'ശ്രീരാമചരിത മാനസം" മലയാള കവിതയായി പിറന്നത്. ബഹുഭാഷാപണ്ഡിതനും കവിയും വിവർത്തകനുമായ അദ്ദേഹം ഭാഷയും കലയും സംഗീതവും ഒഴുകിയൊരുമിച്ച സമുദ്രമായിരുന്നു.

കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയ ക്ഷേത്രകലകൾ, ശാസ്ത്രീയ സംഗീതത്തിലെ രാഗവിസ്താരങ്ങൾ. കവിത, സാഹിത്യം...ആ പ്രതിഭയിൽ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നു.
പഠനമേഖലയായിരുന്ന ഹിന്ദിക്കൊപ്പം മലയാളത്തിലും സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പണ്ഡിതൻ. 1987ൽ അദ്ധ്യാപന ജീവിതത്തിൽനിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും അദ്ധ്യാപകനായി തുടർന്നു.
ഒ.എൻ.വി. കുറുപ്പ്, വിഷ്ണുനാരായണൻ നമ്പൂതിരി, പ്രൊഫ. ഗുപ്തൻനായർ എന്നിവർക്കൊപ്പമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ ഔദ്യോഗികകാലം. നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അദ്ധ്യാപകനാണ്. ഡോക്ടറേറ്റ് ഇല്ലെങ്കിലും ഭാഷാഗവേഷണ വിദ്യാർത്ഥികളുടെ അനൗദ്യോഗിക ഗൈഡായിരുന്നു.

കഥകളി

ആസ്വാദനത്തിന്റെ

തമ്പുരാൻ
തലസ്ഥാനത്തെ കഥകളി ആസ്വാദന കൂട്ടായ്മയായ ദൃശ്യവേദി 1972ൽ രൂപീകരിക്കുമ്പോൾ അദ്ധ്യക്ഷസ്ഥാനത്തേക്ക് ആ പേരാണ് സ്ഥാപകനായ കഥകളി സംഘാടകൻ മടവൂർ ഭാസിയുടെ മനസിലേക്കെത്തിയത്. അന്നുമുതൽ ഇന്നലെ വരെ നീണ്ടുനിന്ന 51 വർഷം അദ്ദേഹമായിരുന്നു ദൃശ്യവേദിയുടെ അദ്ധ്യക്ഷൻ!. രാജഗോപാൽ കഥകളിയെ നെഞ്ചോടു ചേർത്ത പ്രതിഭയായിരുന്നെന്ന് ദൃശ്യവേദി സെക്രട്ടറിയും മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനുമായ എസ്. ശ്രീനിവാസൻ ഓർക്കുന്നു.
തിരുവനന്തപുരത്ത് 'മാർഗി" രൂപീകരണകാലം മുതൽ കമ്മിറ്റി അംഗമാണ്. ഓരോ കഥയും തിരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മാർഗി ഉഷ അടക്കമുള്ളവർ രാജഗോപാലിന്റെ അടുത്താണെത്തുന്നത്. കർണാടക സംഗീതത്തിലും ആഴത്തിലാണ് അറിവ്. രാഗങ്ങളും കീർത്തനങ്ങളും മനഃപാഠം.