ആറ്റിങ്ങൽ: വർഷങ്ങൾ പഴക്കമുള്ള ആറ്റിങ്ങൽ മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലാകുന്നു. തിരുവിതാംകൂറിലെ രാജഭരണകാലം മുതൽ പ്രശസ്തമായിരുന്നു മാമത്തെ കന്നുകാലിച്ചന്ത. ആഴ്ചയിൽ തിങ്കളാഴ്ച മാത്രം പ്രവർത്തിച്ചിരുന്ന ചന്തയിൽ നിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കാനും കേരളം, തമിഴ്നാട്, ആന്ധ്ര അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും നിരവധിപേരാണ് എത്തിയിരുന്നത്. ജില്ലയിൽ അക്കാലത്ത് മാമം കാലിച്ചന്തയോളം പേരും പെരുമയും മറ്റൊരു ചന്തയ്ക്കും ഉണ്ടായിരുന്നില്ല. വളർത്തുമൃഗങ്ങളെ വിൽക്കാനും വാങ്ങാനും പറ്റിയ ഏറ്റവും നല്ല ചന്ത.
കാലിച്ചന്ത പേരിനുമാത്രം
കന്യാകുമാരി തെങ്കാശി, തിരുനെൽവേലി ജില്ലയിലെയും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വളർത്തുമൃഗങ്ങളെ വില്പനയ്ക്കായി എത്തിച്ചിരുന്നു. കാലക്രമേണ കൃഷിയും അനുബന്ധജോലികളും നിലച്ചതോടെ കന്നുകാലിച്ചന്തയുടെ പ്രവർത്തനങ്ങളും ശോഷിച്ചുവന്നു. ഇന്ന് പേരിനുമാത്രം അറവു മൃഗങ്ങളെത്തുന്ന ചന്തയായി ഇവിടം മാറി. കൊവിഡ് കൂടിവന്നതോടെ ചന്തയുടെ പ്രവർത്തനം നിലച്ച മട്ടായി. ലോറിയിലെത്തുന്ന അറവുമാടുകളെ ഇപ്പോൾ ഇറച്ചിവില്പനക്കാർ ഫോൺ മുഖേന നേരിട്ടാണ് വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ചരിത്രത്തിൽ ഒതുങ്ങി
തിരുവിതാംകൂറിന്റെ സ്ഥലം ആറ്റിങ്ങൽ നഗരസഭ കുത്തക പാട്ടം നൽകിയിരുന്ന കാലത്താണ് 1979 ൽ ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്നും നാലര ഏക്കർ വസ്തു സംസ്ഥാന കൃഷി ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കോക്കനാട്ട് കോംപ്ലക്സിന് നൽകിയത്. ബാക്കിയുള്ള അഞ്ചേക്കറോളം വസ്തുവിൽ തുടർന്നും കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നു. 2000 ത്തിൽ നഗരസഭയും ആർ.ടി അധികൃതരും ചേർന്ന് സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റാൻ ശ്രമിച്ചു. അതിനായി ലക്ഷങ്ങൾ ചെലവഴിച്ച് വിശ്രമകേന്ദ്രം അടക്കം ഒന്നിലധികം കെട്ടിടങ്ങളും നിർമ്മിച്ചു. സ്വകാര്യ ബസ് ഉടമകളുടെ എതിർപ്പിനെ തുടർന്ന് ബസ് സ്റ്റാൻഡ് മാറ്റം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചന്തയുടെ ഭൂമി കേസിൽപ്പെടുകയും ചെയ്തു. അതോടെ മുകളിൽ ബസ് സ്റ്റാൻഡും താഴെ കന്നുകാലിച്ചന്തയെന്ന സ്വപ്നവും അവസാനിച്ചു.