kudivella-pradishdam

ആറ്റിങ്ങൽ: അറ്റകുറ്റപ്പണിക്കും ഇന്റർലിങ്കിനുമായി വാട്ടർ അതോറിട്ടി പമ്പിംഗ് നിറുത്തി വയ്ക്കുമ്പോൾ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്നറിയിച്ചതിനെ തുടർന്ന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.വെള്ളം മുടങ്ങുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്. വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ സന്തോഷുമായി നടത്തിയ ചർച്ചയെ തുടർന്ന് കുടിവെള്ളം തടസമില്ലാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും, അല്ലെങ്കിൽ ആ പ്രദേശങ്ങളിൽ സമാന്തരമായി കുടിവെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,സി.പി.എം ഏരിയാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര,വൈസ് പ്രസിഡന്റ് ലിജ ബോസ്,സ്റ്റീഫൻ ലൂയിസ്,സജി സുന്ദർ,ഫ്ളോറൻസ് സോഫിയ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.