കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പ്രദേശം ടൂറിസ്റ്റ് വില്ലേജാക്കണമെന്ന ആവശ്യം കടലാസിലൊതുങ്ങി. അഞ്ചുതെങ്ങ് ജലോത്സവക്കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിട്ട് അഞ്ച് വർഷത്തിലേറെയായി. മീരാൻകടവ് പാലത്തിന് അടിവശത്ത് വളരെയധികം സ്ഥലം സർക്കാർ പുറമ്പോക്കായി കിടപ്പുണ്ട്.
വളരെ മനോഹരവും ടൂറിസ്റ്റ് സംരംഭങ്ങൾക്ക് അനുയോജ്യവുമായ ഈ പ്രദേശം സ്വകാര്യ വ്യക്തികൾ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും ജലോത്സവക്കമ്മിറ്റിയുടെ ഇടപെടൽമൂലം ഇത് തടയാൻ കഴിഞ്ഞു. എന്നാൽ ഇപ്പോൾ പ്രദേശം കാടുകയറി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.അറവു മാലിന്യങ്ങളടക്കം ഇപ്പോൾ പ്രദേശത്താണ് നിക്ഷേപിക്കുന്നത്. ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്.
പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നവരെ ഇരുട്ടിന്റെ മറവിൽ പിടിച്ചുനിറുത്തി ആക്രമിക്കുകയും കൈയിലുള്ളവ അപഹരിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് പ്രദേശം ടൂറിസ്റ്റ് വില്ലേജാക്കണമെന്ന ആവശ്യം ശക്തമാണ്.