തിരുവനന്തപുരം: കരമന കാലടി സൗത്ത് പ്രദേശത്ത് ബസ് സർവീസില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. 1000ലേറെ കുടുംബങ്ങളാണ് സ്വകാര്യവാഹനങ്ങളുടെ കഴുത്തറപ്പൻ ചാർജ് താങ്ങാനാവാതെ നട്ടം തിരിയുന്നത്. 32 വർഷം മുമ്പാണ് ഇവിടെ ബസ് റൂട്ട് ആരംഭിച്ചത്. തുടക്കത്തിൽ പുലർച്ചെ 5.30 മുതൽ രാത്രി 9.30 വരെ 12ഓളം സർവീസുകൾ നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥയുടെ പേരിൽ നിരവധി സർവീസുകൾ പിൻവലിച്ചു. റോഡ് നവീകരിച്ചിട്ടും സർവീസ് പുനഃരാരംഭിച്ചില്ല. കൊവിഡ് കാലത്ത് സർവീസുകൾ പൂർണമായും നിറുത്തി. കാലടി സംഗീത റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കെ.എസ്.ആർ.ടി.സിക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ടു സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും അതും ഇപ്പോഴില്ല.

വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രദേശവാസികൾ 15 മിനിറ്റ് നടന്നാണ് കാലടി ബസ് സ്റ്റോപ്പിലെത്തി ബസ് കയറുന്നത്. രോഗികളടക്കം വലയുകയാണ്. രാത്രിയിലും മഴക്കാലത്തും പ്രശ്നം ഇരട്ടിക്കും. സ്വകാര്യവാഹനങ്ങൾ ഇരട്ടിയിലധികം ചാർജ് ഈടാക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. കാവാലി, മരുതറ, ഇളംതെങ്ങ്, പരപ്പച്ചംവിള, ചെറുകാണി, ചെട്ടിയാർ ജംഗ്ഷൻ, വലിയവരമ്പ്, കാലടി സൗത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ദുരിതമനുഭവിക്കുന്നത്.